കോഴിക്കോട്: നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ട കിഴക്കേ നടക്കാവ് റോഡിലെ കുഴിയിൽ കരിങ്കൽ പൊടിയിറക്കി താൽക്കാലിക ഓട്ടയടക്കൽ. വയനാട് റോഡിൽ കെ.എസ്.ആർ.ടി.സി വർക് ഷോപ്പിന് സമീപത്തായാണ് വലിയ കുഴി രൂപപ്പെട്ടിരുന്നത്. ആദ്യം ചെറിയതോതിൽ ടാറിങ് ഇളകി മെറ്റൽ പുറത്താവുകയായിരുന്നു. മഴ ശക്തമായതോടെ വലിയ കുഴിയാവുകയും റോഡിന്റെ പകുതിയോളം ഭാഗം തകരുകയുമായിരുന്നു.
ഇതോടെയാണ് വാഹനാപകടം തുടർക്കഥയായത്. കഴിഞ്ഞദിവസം വെള്ളിമാടുകുന്ന് സ്വദേശി വേലായുധന് കുഴിയിൽ വീണ് പരിക്കേറ്റു. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ ചാടി മറിയുകയായിരുന്നു. കൈക്ക് പൊട്ടലുണ്ടായ വേലായുധനിപ്പോൾ ചികിത്സയിലാണ്. റോഡിലെ കുഴിയടക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കാത്തതോടെ നിരവധി അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായതെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്.
മിക്കപ്പോഴും സ്കൂട്ടർ യാത്രികരാണ് അപകടത്തിൽപെടുന്നത്. മഴ ശക്തമാകുമ്പോൾ കുഴിയിൽ പൂർണമായും വെള്ളം കെട്ടി നിൽക്കും. ഇതോടെ വാഹനയാത്രക്കാർക്ക് കുഴിയുടെ ആഴവും പരപ്പും മനസ്സിലാവില്ല. ഇതോടെയാണ് അപകടങ്ങളുണ്ടാവുന്നതെന്നും വ്യാപാരികൾ പറഞ്ഞു.
വലിയ വാഹനങ്ങൾ കുഴിയിൽചാടാതെ കടന്നുപോകാൻ ശ്രമിക്കുന്നത് എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാകുന്നതും ഇത് തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിനും പലപ്പോഴും കാരണമാകാറുണ്ട്. ഇതിനു സമീപത്തുതന്നെ വർഷങ്ങൾക്കുമുമ്പ് റോഡിൽ വലിയൊരു കുഴി രൂപപ്പെട്ടിരുന്നു.
നിരന്തരം അപകടങ്ങളുണ്ടാവുന്നത് ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനിടെ ബൈക്ക് യാത്രികൻ തലയടിച്ച് കുഴിയിൽ വീഴുകയും മരിക്കുകയും ചെയ്തു. പിന്നീട് അന്നത്തെ ജില്ല കലക്ടർ ഡോ. പി.ബി. സലീം നേരിട്ടിടപെട്ട് കുഴികളടക്കാൻ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ കുഴിയിൽ കരിങ്കൽപൊടിയിറക്കി താൽക്കാലിക പരിഹാരമുണ്ടാക്കുന്നതിനുപകരം ഈ ഭാഗത്ത് ടാറിങ് നടത്തണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.