കോഴിക്കോട്: മാനാഞ്ചിറയിലെ പാർക്കിങ് പ്ലാസക്ക് സ്ഥലമൊരുക്കാൻ കോർപറേഷൻ സത്രം ബിൽഡിങ് എന്ന പഴയ കിഡ്സൺ കമ്പനി പ്രവർത്തിച്ച കെട്ടിടം പൊളിച്ചുമാറ്റൽ പ്രവൃത്തി 25 ശതമാനം പൂർത്തിയായെങ്കിലും കെട്ടിടത്തിൽനിന്ന് ഒഴിയുന്ന വ്യാപാരികൾക്ക് വേണ്ടിയുള്ള താൽക്കാലിക കടനിർമാണം അനിശ്ചിതത്വത്തിൽ. അനധികൃത രീതിയിലാണ് നിർമാണമെന്ന് കണ്ടെത്തി കടനിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ വ്യാപാരികൾക്ക് നോട്ടീസ് നൽകിയതാണ് കാരണം.
കടനിർമാണം നിർത്തിവെച്ചതോടെ 12 കച്ചവടക്കാർ ഒഴിയുന്നതടക്കമുള്ള നടപടികൾ ഇനിയും നീളുമെന്നുറപ്പായി. പി.എം താജ് റോഡിലും ബഷീർ റോഡിലും കടനിർമാണം കോർപറേഷൻ എൻജിനീയർമാരടക്കം പരിശോധിച്ചശേഷമാണ് ആരംഭിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു.
കോർപറേഷൻ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ കടകൾക്ക് വൈദ്യുതി കണക്ഷനും കിട്ടി. എന്നാൽ, നിർദേശിച്ചതിൽനിന്ന് ഭിന്നമായി സ്ഥിരം കെട്ടിടങ്ങൾ നിർമിക്കുന്നവിധമുള്ള നടപടി കണ്ടതിനാലാണ് തടഞ്ഞതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. കോൺക്രീറ്റ് ബീമുകൾ കെട്ടിയാണ് നിർമാണം.
മെഡിക്കൽ ഷോപ്പടക്കമുള്ളതിനാൽ ഷട്ടറിടാനും മറ്റും ബീമുകൾ ആവശ്യമാണെന്നും മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ ഷീറ്റിടാനാണ് ഉദ്ദേശ്യമെന്നും വ്യാപാരികൾ പറഞ്ഞു.
മൊത്തം ഒരാൾക്കാണ് എല്ല കടകളുടെയും കരാർ നൽകിയത്. 32 ലക്ഷം ഇതിനകം ചെലവായി. പാർക്കിങ് പ്ലാസ പണികഴിഞ്ഞ് വ്യാപാരികൾ മാറുമ്പോൾ പൊളിച്ചുമാറ്റാവുന്ന രീതിയിലാണ് നിർമാണമെന്നും വ്യാപാരികൾ പറഞ്ഞു. എന്നാൽ, തിരക്കേറിയ റോഡിലുള്ള നിർമാണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പൊലീസും പൊതുമരാമത്ത് വകുപ്പും കോർപറേഷനെ അറിയിച്ചിരുന്നു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പണി നിർത്തിവെക്കാനുള്ള കോർപറേഷന്റെ നോട്ടീസ്. മുമ്പ് കിഡ്സൺ കമ്പനിയും പിന്നീട് കെ.ടി.ഡി.സി മലബാർ മാൻഷൻ ഹോട്ടലും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്ന് ഹോട്ടൽ ഒഴിപ്പിച്ചെങ്കിലും പൊളിക്കൽ വർഷങ്ങളായി നീണ്ടുപോവുകയായിരുന്നു.
ഇപ്പോൾ കച്ചവടം ചെയ്യുന്ന 12 സ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കാനുള്ള താൽക്കാലിക സ്ഥലം കോർപറേഷൻ അധികൃതർ വ്യാപാരികൾക്ക് അളന്ന് തിട്ടപ്പെടുത്തി നൽകിയിരുന്നു. പി.എം താജ് റോഡിൽ കംഫർട്ട് സ്റ്റേഷനോട് ചേർന്ന് ഒമ്പതു പേർക്കും സെൻട്രൽ ലൈബ്രറിക്ക് എതിർവശം മൂന്ന് പേർക്കുമാണ് സ്ഥലം അനുവദിച്ചത്.
കോർപറേഷൻ കെട്ടിടത്തിന് പകരം ഭൂമി ഉപയോഗിക്കുന്ന വ്യാപാരികൾ ഭൂവാടക കോർപറേഷന് നൽകണം. 320 കാറും 184 ബൈക്കും നിർത്താൻ കഴിയുന്ന പാർക്കിങ് പ്ലാസയാണ് പണിയാൻ പദ്ധതിയിട്ടത്. കെട്ടിടം പൊളിക്കാൻ മൊത്തം 28,53,871 രൂപ ചെലവ് വരുമെന്നാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.