കോഴിക്കോട്: ചില തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെയും സെക്ടർ മജിസ്ട്രേറ്റുമാരുടെയും അനാവശ്യ നിർദേശങ്ങളിൽ വലഞ്ഞ അന്തർ സംസ്ഥാന തൊഴിലാളികൾ പട്ടിണിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ഈ തൊഴിലാളികളുടെ ക്ഷേമത്തിൽ പ്രത്യേകശ്രദ്ധ പുലർത്തുേമ്പാഴാണ് പ്രാദേശികതലത്തിൽ 'അയിത്തം' പുലർത്തുന്നത്. അന്തർ സംസ്ഥാന തൊഴിലാളികളിൽ ചിലർക്ക് കോവിഡ് ബാധിച്ചതിനാണ് ഇവരുമായി ബന്ധമില്ലാത്ത തൊഴിലാളികളെയും വിലക്കുന്നത്. അന്തർ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിക്കരുതെന്നാണ് ഉദ്യോഗസ്ഥരും സെക്ടർ മജിസ്ട്രേറ്റുമാരും കരാറുകാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ചില തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് മനുഷ്യത്വ വിരുദ്ധമായ ഇത്തരം നടപടികൾ.
ജില്ലയിൽ കോവിഡ് രണ്ടാം തരംഗം തുടങ്ങിയ സമയത്തുതന്നെ നിരവധി അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. അസം, പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് ഭൂരിപക്ഷവും.
അസമിലും ബംഗാളിലും നടന്ന തെരഞ്ഞെടുപ്പിന് പുറമെ, റമദാൻ മാസമായതിനാലും തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ബാക്കിയുള്ളവർ ജില്ലയിൽ പലയിടത്തായി തുടരുകയാണ്. ഇവരിൽപ്പെട്ട ചിലർക്കാണ് അധികൃതരുടെ തലതിരിഞ്ഞ തീരുമാനം കാരണം ജീവിതം ദുരിതത്തിലായത്. അതിഗുരുതര തദ്ദേശ സ്ഥാപനമായും ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണായും നേരത്തേ പ്രഖ്യാപിച്ച ഇടങ്ങളിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞിട്ടും അന്തർസംസ്ഥാന തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. കോവിഡ് ബാധിച്ചവരെയും കൂടെ താമസിക്കുന്നവരെയും വിലക്കുന്നത് പതിവാണെങ്കിലും രോഗമില്ലാത്തവരെയും രോഗികളുമായി ഒരുതരത്തിലും ബന്ധമില്ലാത്തവരെയും തടയുകയാണ്. അന്തർ സംസ്ഥാന തൊഴിലാളികൾക്കെല്ലാം കോവിഡാണെന്ന ധാരണയാണ് പരത്തുന്നത്. ആർ.ആർ.ടി വളൻറിയർമാരിലേക്കടക്കം ഇത്തരം സന്ദേശങ്ങളാണ് ചില തദ്ദേശസ്ഥാപന സെക്രട്ടറിമാരും മറ്റും കൈമാറുന്നത്. ഇതോടെ, പുറത്തിറങ്ങാൻ ഇവർക്ക് കഴിയുന്നില്ല. രോഗസ്ഥിരീകരണ നിരക്ക് ഏറെ കുറഞ്ഞിട്ടും ചില പഞ്ചായത്തുകളിലെ 'അതിഗുരുതരാവസ്ഥ' പിൻവലിക്കാൻ ജില്ല ഭരണകൂടം തയാറായിട്ടില്ല.
അന്തർ സംസ്ഥാന തൊഴിലാളികൾ ജോലിക്ക് പോകുന്നത് തടയരുതെന്ന് കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സമയത്തു പോലും മുഖ്യമന്ത്രി കർശന നിർേദശം നൽകിയതാണ്.തൊഴിലാളികളെ ജോലിക്ക് വിളിക്കരുതെന്ന നിർദേശം കാരണം നിർമാണ പ്രവർത്തനങ്ങളും നിലച്ച മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.