ചാത്തമംഗലം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ ‘രാഗ’ത്തിന് കോഴിക്കോട് എൻ.ഐ.ടിയിൽ പ്രൗഢോജ്ജ്വല തുടക്കം. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത പൂർവവിദ്യാർഥി രാജന്റെ സ്മരണാർഥമാണ് വർഷംതോറും രാഗം മേള നടത്തുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള ഞായറാഴ്ച സമാപിക്കും.
ശാസ്ത്രീയ സംഗീതത്തിനൊപ്പം പാശ്ചാത്യസംഗീതോപകരണങ്ങൾ കൂടി ചേർത്ത് നടത്തിയ സ്വരരാഗം സംഗീത മത്സരം ഒന്നാം ദിവസത്തെ ആകർഷകമാക്കി. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ അവതരിപ്പിച്ച രാജന്റെ കഥയും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുമായുള്ള അഭിമുഖവും ശ്രദ്ധേയമായി.
രാമായണം പ്രമേയമാക്കി ഹരിശ്രീ കണ്ണൻ (തോൽപ്പാവക്കൂത്ത് കലാകേന്ദ്രം) അവതരിപ്പിച്ച തോൽപ്പാവക്കൂത്ത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. രാജൻ സ്മാരക ലളിതഗാന മത്സരം, മോണോആക്ട്, ഹിന്ദി കവിതാലാപന മത്സരമായ അൽഫാസ്, ഫാഷൻ ഷോ തുടങ്ങി നിരവധി മത്സരങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വിദ്യാർഥികൾ ആദ്യദിനത്തിൽ മാറ്റുരച്ചു. ‘മണവാളൻ തഗ്ഗി’ലൂടെ പ്രശസ്തിയാർജിച്ച ഡബ്സീയുടെ സംഗീത പരിപാടിയും നടന്നു.
ഉത്തരേന്ത്യയിലെ സംഗീത-നൃത്ത പരിപാടികളിൽ തരംഗമായ മോഹൻ സിസ്റ്റേഴ്സ് നയിച്ച പ്രോഷോയും ഡി.ജെ സ്വാട്രക്സിന്റെ ഡി.ജെ നൈറ്റും ആവേശം പകർന്നു. വൈവിധ്യമാർന്ന ട്രെൻഡ്സെറ്ററുകൾ പ്രദർശിപ്പിച്ച ‘കോഷ്വർ ബൊളിവാർഡ്’ എന്ന ഫാഷൻ ഷോയോടെയാണ് ഒന്നാം ദിനം സമാപിച്ചത്. രണ്ടാം ദിനമായ ശനിയാഴ്ചയുടെ മുഖ്യആകർഷണം പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ ജുബിൻ നൗട്ടിയാൽ നയിക്കുന്ന സംഗീതനിശയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.