കോഴിക്കോട്: പെൺവാണിഭ പരാതിയെ തുടർന്ന് നഗരത്തിലെ ലോഡ്ജിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. എം.പി റോഡിലെ ഒയാസിസ് ലോഡ്ജിൽനിന്ന് ഏഴംഗ സംഘത്തെയായിരുന്നു തിങ്കളാഴ്ച രാവിലെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തങ്ങൾ ലിവിങ് ടുഗദർ ബന്ധം തുടരുന്നവരാണെന്ന് പിടിയിലായ ഏഴുപേരും സ്റ്റേഷനിൽ മൊഴി നൽകുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ അസം സ്വദേശിനികളടക്കമുള്ളവരെ പൊലീസ് ആദ്യം വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെ അസം സ്വദേശിനിയായ മറ്റൊരു യുവതി കരഞ്ഞുകൊണ്ട് ഈ ലോഡ്ജിൽനിന്ന് പുറത്തേക്കിറങ്ങിയോടിയിരുന്നു. ഇതോടെയാണ് േലാഡ്ജിൽ പെൺവാണിഭം നടക്കുന്നതായി പരാതി ഉയർന്നതും സമീപത്തെ വ്യാപാരികൾ പെൺകുട്ടി ഓടിപ്പോയതടക്കം ടൗൺ പൊലീസിൽ അറിയിച്ചതും.
തുടർന്ന് പിങ്ക് പൊലീസ് സ്ഥലത്തെത്തി കരഞ്ഞുനിന്ന യുവതിയെ സ്റ്റേഷനിേലക്ക് കൂട്ടിക്കൊണ്ടുപോയി. യുവതി പൊലീസിനോട് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോെടയാണ് ലോഡ്ജിൽ പരിശോധന നടത്തി താമസക്കാരായ ഏഴുപേരെ കസ്റ്റഡിയിലെടുത്തത്. യുവതി പിന്നീട് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോെട ഇവരെ രാത്രി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കൗൺസലിങ് നൽകി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ൈവദ്യപരിശോധനക്കും വിധേയയാക്കി.
23 ദിവസം മുമ്പാണ് കോഴിക്കോട്ടെത്തിയതെന്നും മലയാളം സംസാരിക്കുന്ന മൂന്നുപേരുൾപ്പെടെ നാലുപേർ തന്നെ ദിവസങ്ങേളാളം ലൈംഗികമായി പീഡിപ്പിച്ചെന്നും ഇവർ വെളിപ്പെടുത്തിയതോടെ പൊലീസ് മൂന്നുപേരെ അറസ്റ്റുചെയ്തു. യുവതിയെ അസമിൽ നിന്നെത്തിച്ച ഫിർദോസ് അഹമ്മദ് (24), മംഗളൂരു സ്വദേശി ഷറഫുദ്ദീൻ (23), അസം സ്വദേശി ഷുക്കൂർ അലി എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് ഒന്നാം നമ്പർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ കൂട്ടബലാത്സംഗം, ലൈംഗിക ലക്ഷ്യത്തോടെയുള്ള മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അതേസമയം, ലിവിങ് ടുഗദര്‍ മറയാക്കി നഗരത്തിൽ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണെന്ന് വിവിധകോണുകളിൽനിന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാമെന്ന കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം യുവതികളെ കേരളത്തിലെത്തിച്ച് ചൂഷണത്തിനിരയാക്കുന്നത്. പൊലീസ് പരിശോധന നടത്തി പിടികൂടിയാലും ലിവിങ് ടുഗദര്‍ ആണെന്നു പറഞ്ഞ് സംഘങ്ങൾ നിയമനടപടിയില്‍നിന്ന് രക്ഷപ്പെടുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം യുവതികളെ കടത്തുന്നതായി സൂചനകളുള്ളതിനാൽ ഈ നിലക്കും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.