എലത്തൂർ: നിർമാണപ്രവൃത്തി പുരോഗമിക്കുന്ന രാമനാട്ടുകര-വെങ്ങളം ദേശീയപാത-66 2024ൽ നിശ്ചയിച്ച സമയത്തിന് മുമ്പുതന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രവൃത്തി വൈകുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് തിങ്കളാഴ്ച മന്ത്രിയും ഉദ്യോഗസ്ഥരും പൂളാടിക്കുന്ന് ഫ്ലൈ ഓവർ നിർമാണ ഭാഗത്ത് സന്ദർശനത്തിനെത്തിയത്. മണ്ണെടുപ്പ് ഉൾപ്പെടെ നിർമാണത്തിൽ ചില തടസ്സങ്ങൾ ഉണ്ടായിരുന്നു. മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തിൽ ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതായി മന്ത്രി പറഞ്ഞു. നിലനിൽക്കുന്ന മറ്റു ചെറിയ തടസ്സങ്ങൾ ജില്ല വികസന സമിതിയുടെ മേൽനോട്ടത്തിൽ പരിഹരിക്കും 2025ലെ പുതുവത്സര സമ്മാനമായി റോഡ് നാടിന് സമർപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 28.4 കിലോമീറ്ററുള്ള രാമനാട്ടുകര-വെങ്ങളം റീച്ചിൽ 52 ശതമാനം നിർമാണം പൂർത്തിയായി.
പാതയിലെ പ്രധാന ഫ്ലൈ ഓവർ ആണ് പൂളാടിക്കുന്നിലേത്. പാലത്തിന്റെ 168 പൈലുകളിൽ 140 എണ്ണം പൂർത്തീകരിച്ചു. ആകെ 38 പൈൽ ക്യാപ്പുകളിൽ 22 എണ്ണവും 38 പിയർ ക്യാപ്പുകളിൽ അഞ്ചെണ്ണവും 180 ഗർഡറുകളിൽ 51 എണ്ണവും പൂർത്തിയായി. 28.4 കിലോമീറ്ററിൽ ആകെ ഏഴു ഫ്ലൈ ഓവറുകളും 14 അണ്ടർ പാസുകളുമാണുള്ളത്. കോഴിക്കോട് ജില്ലയിൽ ദേശീയപാത നിർമാണത്തിന് 1849 കോടിയാണ് ചെലവ്. ഇതിൽ 434 കോടി സംസ്ഥാന സർക്കാർ കൈമാറി. രണ്ടാഴ്ചയിലൊരിക്കൽ പാതയുടെ നിർമാണ പുരോഗതി മന്ത്രിതലത്തിൽ നേരിട്ട് വിലയിരുത്തുന്നുണ്ട്. മറ്റു പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ജില്ല കലക്ടറെ പ്രത്യേക നോഡൽ ഓഫിസറായി നിയമിക്കും. രാമനാട്ടുകര-വെങ്ങളം പാതയുടെ പണി പൂർത്തിയാകുന്നതോടെ യാത്രക്ക് ഒരു മണിക്കൂർ ലാഭിക്കാൻ കഴിയുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, ദേശീയപാത വിഭാഗം പ്രോജക്ട് ഡയറക്ടർ, പ്രോജക്ട് മാനേജർ, സംസ്ഥാന പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.