ചാത്തമംഗലം: ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി കട്ടാങ്ങൽ സെക്ഷൻ ഓഫിസ് ഒഴിയാൻ നോട്ടീസ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയത്.
ആഗസ്റ്റ് 31ന് ചേർന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലാണ് സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്നത്. 55 ലക്ഷത്തോളം രൂപ വാടകയിനത്തിൽ നിലവിൽ കുടിശ്ശികയുണ്ട്.
വാടക കുടിശ്ശിക ഈടാക്കുന്നതിന് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വാടക കുടിശ്ശിക നിയമനടപടികളിലൂടെ വസൂലാക്കാനും വാടകയടക്കാതെ കൈവശംവെച്ച കെട്ടിട മുറികൾ ഏറ്റെടുക്കാനുമാണ് തീരുമാനം.
15 ദിവസത്തിനകം കെട്ടിടം ഒഴിയണമെന്നും എന്തെങ്കിലും വിശദീകരണം നൽകാനുണ്ടെങ്കിൽ 15 ദിവസത്തിനകം നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഇലക്ട്രിക്കൽ സെക്ഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, വർഷങ്ങളായി കട്ടാങ്ങലിൽ പ്രവർത്തിക്കുന്ന ഓഫിസ് ഒഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനം തിരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും മലയമ്മ മേഖല കോൺഗ്രസ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
55 ലക്ഷം രൂപയോളം വാടകയിനത്തിൽ കുടിശ്ശിക വന്നതിനാലാണ് മുറികളൊഴിയാൻ ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും കുടിശ്ശിക അടച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ നടപടിയെടുത്തത്. ആഗസ്റ്റ് 31ന് ചേർന്ന ഭരണകക്ഷി യോഗം ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.