മീഞ്ചന്ത: നല്ലളത്ത് വഴിയോര വിശ്രമ കേന്ദ്രവും കഫറ്റീരിയയും സ്ഥാപിക്കാൻ സർക്കാർ അനുമതിയായി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഇതിനായി ഒരു കോടി രൂപയുടെ ഭരണാനുമതി നൽകി. നല്ലളം ദേശീയപാതയോരത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 13 സെന്റ് സ്ഥലത്താണ് യാത്രക്കാർക്കും തദ്ദേശവാസികൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ ‘ടേക് എ ബ്രേക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. അടുത്ത കാലംവരെ പൊലീസ് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത്. പഴകി തുരുമ്പിച്ച വാഹനങ്ങൾ നിറഞ്ഞ, കാടുമൂടിയ ഈ പ്രദേശം സാമൂഹികവിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും കേന്ദ്രമായിരുന്നു.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രവും കഫറ്റീരിയയും സ്ഥാപിക്കുക. വിശാലമായ ടോയ്ലറ്റ് സമുച്ചയം, ഇരിപ്പിടങ്ങൾ, പൂന്തോട്ടം എന്നിവയോടുകൂടിയാവും വിശ്രമകേന്ദ്രം ഒരുക്കുക. നിർമാണം തുടങ്ങി ഒരു വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി പൂർത്തിയാവുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും സംസ്ഥാനത്താകെ ഇത്തരത്തിൽ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമം നടത്തുമെന്നും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.