കുറ്റ്യാടി: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരിൽ കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി തൊഴിലാളിയും. കുറ്റ്യാടിക്കാർക്ക് പ്രിയങ്കരനായ സദ്ദാം ഹുസൈനാണ് കൂട്ടുകാർക്കൊപ്പം കൊൽക്കത്തയിൽനിന്ന് വരുന്നതിനിടെ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൂട്ടുകാരും മരിച്ചെന്നാണ് വിവരം. 15 കൊല്ലമായി കുറ്റ്യാടിയിൽ ജോലി ചെയ്യുന്ന ഇയാൾ ഡേ മാർട്ട് സൂപ്പർമാർക്കറ്റിലെ തൊഴിലാളിയാണ്. കൂടാതെ വയനാട് റോഡിലെ വായാട്ട് ലോഡ്ജ് നടത്തിപ്പുകാരനുമാണ്. ഭാര്യയുടെ പ്രസവത്തിന് നാട്ടിലേക്ക് പോയതായിരുന്നു. കുഞ്ഞുമകനെ കണ്ട് കൊതിതീരുംമുമ്പ് ലീവ് കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടയിലാണ് ദുരന്തം. നന്നായി മലയാളം സംസാരിക്കുന്ന സദ്ദാം നാട്ടുകാരുമായും സഹപ്രവർത്തകരുമായും നല്ല സൗഹൃദത്തിലായിരുന്നു. വിദഗ്ധനായ സിമന്റ് തേപ്പുപണിക്കാരനും മികച്ച കൃഷിക്കാരനുമായിരുന്നു.
16ാം വയസ്സിലാണ് കോഴിക്കോട്ട് കെട്ടിട നിർമാണ തൊഴിലിനെത്തിയത്. പിന്നീട് കുറ്റ്യാടിയിലേക്ക് മാറി. നാട്ടുകാരായ നിരവധി പേരെ കുറ്റ്യാടിയിൽ എത്തിച്ച് തൊഴിൽ വാങ്ങിക്കൊടുത്തിട്ടുണ്ട്. കൊൽക്കത്തയിൽനിന്ന് 50 കിലോമീറ്റർ അകലെ വർധമാൻ എന്ന സ്ഥലത്താണ് വീട്. സദ്ദാമിന് ഒമ്പതു സഹോദരന്മാരുണ്ട്. സഹോദരീഭർത്താവും ഇവരോടൊപ്പമാണ്. എല്ലാവരും കുറ്റ്യാടിയിൽ തന്നെ വിവിധ തൊഴിൽ ചെയ്ത് ജീവിക്കുകയാണ്.
സഹോദരന്റെ മരണവിവരമറിഞ്ഞ് ഇവർ ശനിയാഴ്ച രാത്രി ഒമ്പതിന് വിമാനമാർഗം കോഴിക്കോട്ടുനിന്ന് കൊൽക്കത്തയിലേക്ക് തിരിച്ചു. ഡേ മാർട്ട് മാനേജ്മെന്റാണ് യാത്രാസൗകര്യമൊരുക്കിയത്. വിവാഹത്തിന് സദ്ദാമിന്റെ വീട്ടിൽ പോയിരുന്നതായി ഡേ മാർട്ട് എം.ഡി വാഴാട്ട് മുസ്തഫ പറഞ്ഞു. ഞായറാഴ്ച രാവിലെ ആറിന് സദ്ദാമിന്റെ മൃതദേഹം വീട്ടിലെത്തിക്കും. സദ്ദാമിന്റെ പിതാവ്: മുജീദ്. ഭാര്യ: സുൽത്താന. സഹോദരങ്ങൾ: സുൽഫിക്കർ ഷെയ്ഖ്, സുറൂജ് ഷെയ്ഖ്, അലി, ഹുസൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.