ഗവർണർ പദവി ആലങ്കാരികം മാത്രം; ആരിഫ് മുഹമ്മദ് ഖാൻ ഇത് മനസിലാക്കണം -സലീം മടവുർ

കോഴിക്കോട്: രാഷ്‌ട്രീയ വാർധക്യം ബാധിച്ചവരെ കുടിയിരുത്താനുള്ള ആലങ്കാരിക പദവി എന്നതിലപ്പുറം ഗവർണർ പദവിക്ക് ഒരു വിലയുമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മനസിലാക്കണമെന്ന് സലീം മടവുർ.

ഗവർണർക്ക് കാര്യമായ എന്തോ മാനസിക പ്രശ്നമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ തീരുമാനങ്ങളിൽ ഒപ്പു ചാർത്തുന്ന പണിയേ ഗവർണർമാർക്ക് നൽകിയിട്ടുള്ളൂ. നഷ്‌ടപ്പെട്ട അധികാരം വീണ്ടെടുക്കാൻ വൃഥാ ശ്രമം നടത്തുന്ന പഴയ തറവാട്ടു കാരണവൻമാരുടെ അവസ്ഥയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.

ഗവർണറുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങൾ സംസ്ഥാന സർക്കാർ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിച്ച് വ്യക്തത വരുത്തണം. ഗവർണർമാരുടെ ജൽപനങ്ങളാണോ അതോ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനമാണോ നിലനിൽക്കുകയെന്ന് സുപ്രീം കോടതി പറയട്ടെ. ജീവിതത്തിന്റെ സായം സന്ധ്യയിൽ സംഘപരിവാർ ഭിക്ഷയായി നൽകിയ ഗവർണർ പദവി തലക്കുപിടിച്ച് മനോവൈകല്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ഗവർണറെ സുപ്രീം കോടതി പിടിച്ചു കെട്ടട്ടെ.

ഒരു കാലത്ത് ജനാധിപത്യത്തിനു വേണ്ടി നിലകൊണ്ട് മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ആരിഫ് ‌മുഹമ്മദ് ഖാൻ ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മേൽ കേന്ദ്രസർക്കാരിന്റെ നൂലിൽ തൂങ്ങിയിറങ്ങി ഗവർണറുടെ ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഭരണസ്തംഭനമുണ്ടാക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ അധപതനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Saleem madavur aginst arif muhammed khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.