കുന്ദമംഗലം: അച്ചടിയെ വെല്ലുന്ന അറബി കൈപ്പടയില്‍ ഖുര്‍ആനിലെ യാസീൻ അധ്യായം എഴുതി കാരന്തൂർ സ്വദേശിയായ 85കാരന്. കിഴക്കേ പൂവംപുറത്ത് കെ.പി. അബ്ദുറഹ്മാൻ കുട്ടിയാണ് മനോഹരമായ കൈപ്പടയിൽ യാസീൻ അധ്യായം എഴുതിയത്. ദിവസവും രണ്ട് മണിക്കൂർ ചെലവഴിച്ച് ഏതാണ്ട് 15 ദിവസം കൊണ്ടാണ് എഴുതിത്തീർത്തത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് അറബി പഠിച്ചിട്ടുണ്ട് എന്നല്ലാതെ കൂടുതലറിയില്ല.
പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ പിതാവ് മരിച്ചതിനെ തുടർന്ന് കുടുംബം പുലർത്താൻ പഠനം നിർത്തി ജോലിക്കിറങ്ങി. കുറെ കാലം ലോറിയിൽ ക്ലീനറായും ഡ്രൈവറായും ജോലി ചെയ്തു. പിന്നീട്, മർകസ് ഡ്രൈവിങ് സ്കൂളിൽ 22 വർഷക്കാലം ഡ്രൈവിങ് പഠിപ്പിച്ചു. 12 വർഷം മുമ്പ് അപകടത്തിൽ കൈക്കും കാലിനും ഗുരുതര പരിക്കേറ്റതിനാൽ ഒരു കാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നു. വലതു കൈക്ക് സ്വാധീനക്കുറവുണ്ട്. ഈ കൈകൊണ്ടാണ് പെൻസിലും പേനയും ഉപയോഗിച്ച് ഖുർആൻ അധ്യായം മനോഹരമായി എഴുതുന്നത്. കാഴ്ചക്കുറവും കേൾവിക്കുറവും ഉണ്ട്.
അയൽവാസികളും മറ്റും വീട്ടിൽ കൊണ്ടുവരുന്ന പഴയ ഖുർആൻ ബൈൻഡ് ചെയ്യുകയും കീറിപ്പോയതോ മുഷിഞ്ഞതോ ആയ പേജുകൾ അതേ മോഡലിൽ സ്വന്തം കൈപ്പടയിൽ എഴുതിച്ചേർക്കുകയും ചെയ്യും. പരസ്യ ബോർഡുകൾ, വാഹന നമ്പർ േപ്ലറ്റുകൾ എന്നിവ എഴുതാറുണ്ടായിരുന്നു. തയ്യൽ മെഷീൻ, ഫാൻ, വാച്ച്, ക്ലോക്ക്, മിക്സി, സൈക്കിൾ തുടങ്ങി എല്ലാ സാധനങ്ങളും നന്നാക്കും. ക്ലോക്കിലെ പെൻഡുലം സ്വന്തമായി നിർമിക്കും. സൈക്കിൾ, ബൈക്ക് എന്നിവ നന്നാക്കുകയും കസേര നിർമിക്കുകയും വിവിധതരം മേശകൾ ഉണ്ടാക്കുകയും ചെയ്യും. ഒരു ജോലിയും എവിടെയും പോയി പഠിച്ചതല്ല അബ്ദുറഹ്മാൻ കുട്ടി. പലതരം കട്ടിലുകൾ ഉണ്ടാക്കുകയും ചിത്രങ്ങൾ വരക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.