കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് ഭീകര, തീവ്രവാദ ആരോപണങ്ങൾ ഉന്നയിച്ച് സംഘ്പരിവാർ ആളിക്കത്തിച്ച സംഭവമായിരുന്നു. മാറാട് കലാപക്കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിൽ ജുഡീഷ്യറിയോടും മറ്റു സംവിധാനങ്ങളോടുമുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു സ്ഫോടനമെന്നായിരുന്നു എൻ.ഐ.എ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയത്.
മാത്രമല്ല, സ്ഫോടനത്തിൽ വിശ്വാസികൾക്ക് അപകടമുണ്ടാവാതിരിക്കാനാണ് വെള്ളിയാഴ്ച ഉച്ചസമയം തിരഞ്ഞെടുത്തതെന്നും പറഞ്ഞിരുന്നു. ഇത്തരം 'ഞെട്ടിക്കുന്ന' പ്രചാരണമാണ് സംഘ്പരിവാറും അഴിച്ചുവിട്ടത്. കേരളം തീവ്രവാദികളുടെ താവളമാവുകയാണെന്ന കഥകളും മെനഞ്ഞു. പ്രതികൾ പള്ളിയിൽ ഗൂഢാലോചന നടത്തിയെന്നടക്കം പ്രചരിപ്പിക്കപ്പെട്ടു. ഇരട്ട സ്ഫോടന കേസിലെ പ്രതികൾക്ക് കളമശ്ശേരി ബസ് കത്തിക്കലുമായും എറണാകുളം കലക്ടറേറ്റ് സ്ഫോടനവുമായും ബന്ധമുണ്ടെന്നും പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ യോജിച്ചുപ്രവർത്തിച്ചതായും എൻ.ഐ.എ കണ്ടെത്തലിലുണ്ടായിരുന്നു.
കോഴിക്കോട് നഗരത്തിൽ ഇത്തരമൊരു സ്ഫോടനം ആസൂത്രണം ചെയ്യേണ്ട സാഹചര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. എന്തെങ്കിലും തരത്തിലുള്ള ദുരന്തമോ ആളപായമോ ലക്ഷ്യമാക്കാത്ത വിധം ആളൊഴിഞ്ഞ ഭാഗത്തായിരുന്നു രണ്ട് സ്ഫോടനങ്ങളും നടന്നത്. എന്നാൽ, ഈ നിലക്ക് അന്വേഷണമുണ്ടായിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ പോലെ അന്വേഷണം മുന്നോട്ടുപോയതാണ് ഇപ്പോൾ കോടതിയിൽനിന്ന് അന്വേഷണ ഏജൻസിക്ക് തിരിച്ചടിയേൽക്കാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.