കോഴിക്കോട്: ആവിക്കലിനൊപ്പം കോതിയിലെയും കോർപറേഷന്റെ മലിനജല സംസ്കരണ പ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാവുന്നതിനിടെ നഗരത്തിലെ രണ്ടാമത്തെ വലിയ മലിനജല സംസ്കരണ പ്ലാന്റ് ഡിസംബറിൽ ഉദ്ഘാടനത്തിനൊരുങ്ങി. മെഡിക്കൽ കോളജിൽ പുതുതായി ഉയരുന്ന ഏഴുനില കാഷ്വാലിറ്റി സമുച്ചയത്തിനായുള്ള മലിനജല സംസ്കരണ പ്ലാൻറ് പണിയാണ് പൂർത്തിയായത്. ശൗചാലയങ്ങളിലെ മലിനജലമടക്കം സംസ്കരിച്ച് വീണ്ടും അവിടെ ഉപയോഗിക്കാൻ പറ്റുന്ന വിധമാണ് സംവിധാനം. ക്ലോസറ്റ് ഫ്ലഷ് ചെയ്യാനും തോട്ടം നനക്കാനുമെല്ലാം ഈ വെള്ളമാണ് ഉപയോഗിക്കുക. അഞ്ച് എം.എൽ.ഡിയുടേതാണ് പുതിയ പ്ലാന്റ്.
ഇതോടൊപ്പം കേന്ദ്രസർക്കാറിന്റെ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ പദ്ധതിയിൽ (അമൃത്) പണിയുന്നവയിൽപെട്ട മെഡിക്കൽ കോളജിലെ പ്ലാന്റ് പാതിവഴി പിന്നിട്ടു. ആവിക്കൽ, കോതി എന്നിവിടങ്ങളിലെ അമൃത് പ്ലാന്റുകളുടെ പണി ജനകീയ സമരങ്ങൾ കാരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ കോർപറേഷൻ ആഭിമുഖ്യത്തിൽ നഗരത്തിൽ തുടങ്ങുന്ന പ്ലാന്റുകളിൽ ആദ്യം പണി പൂർത്തിയാവുക മെഡിക്കൽ കോളജിലേതാവുമെന്നാണ് പ്രതീക്ഷ. സരോവരം പാർക്കിന് സമീപത്തെ അമൃത് പ്ലാന്റിന്റെ നിർമാണത്തിനുള്ള നടപടികളും ആരംഭിച്ചു.
മെഡിക്കൽ കോളജ് ഹോസ്റ്റലിനടുത്ത് 20 ലക്ഷം ലിറ്ററിന്റെയും നഴ്സിങ് കോളജിന് സമീപം 10 ലക്ഷം ലിറ്ററിന്റെയും പ്ലാന്റുകളാണ് അമൃത് പദ്ധതിയിൽ നിർമിക്കുന്നത്. ഇതിൽ ഹോസ്റ്റലിനടുത്തുള്ള പ്ലാന്റിന്റെ പണി 60 ശതമാനത്തോളം തീർന്നിട്ടുണ്ട്. നഴ്സിങ് കോളജിനടുത്തെ പ്ലാന്റ് പണിയും പുരോഗമിക്കുന്നു. മെഡിക്കൽ കോളജ് ഗ്രൗണ്ടിന് സമീപം നിലവിലെ പ്ലാൻറിനടുത്തും നഴ്സിങ് കോളജിനു സമീപത്തുമായി രണ്ടു പ്ലാൻറുകളാണ് പദ്ധതിയായി നിർമിക്കുന്നത്. 14 കോടിയുടെ പദ്ധതി തയാറാക്കി ടെൻഡർ ചെയ്തിരുന്നു. അടുത്ത മാർച്ചിനകം പണി തീരുമെന്നാണ് പ്രതീക്ഷ. ഇതോടെ മെഡിക്കൽ കോളജിലും അതോടനുബന്ധിച്ച സ്ഥാപനങ്ങളിലുമുണ്ടാവുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കാനാവുമെന്നാണ് കരുതുന്നത്. ഗ്രൗണ്ടിന് സമീപം തുടങ്ങുന്ന പ്ലാൻറിൽ ദിവസവും 20 ലക്ഷം ലിറ്റർ വെള്ളം (രണ്ട് എം.എൽ.ഡി) സംസ്കരിക്കാനാകും.
നഴ്സിങ് കോളജിനു സമീപത്തെ പ്ലാൻറിൽ 10 ലക്ഷം ലിറ്റർ വെള്ളവും ഉൾപ്പെടെ ആകെ മൂന്ന് എം.എൽ.ഡിയുടെ പ്ലാൻറാണ് നിർമിക്കുന്നത്. നിലവിൽ മെഡിക്കൽ കോളജിലെയും മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിലെയും സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെയും മലിനജലം ഗ്രൗണ്ടിന് സമീപം നേരത്തെയുള്ള രണ്ട് എം.എൽ.ഡി പ്ലാൻറ് വഴി സംസ്കരിക്കുന്നുണ്ട്. പുതിയ പ്ലാൻറുകൾകൂടി വരുമ്പോൾ ആകെ അഞ്ച് എം.എൽ.ഡി പ്ലാൻറുകൾ പ്രവർത്തനക്ഷമമാകും. അതോടെ മെഡിക്കൽ കോളജിലെ മലിനജല പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജനങ്ങളെ ബോധ്യപ്പെടുത്തി മാതൃക തീർത്ത് നിലവിലെ പ്ലാന്റ്
2010 ആഗസ്റ്റ് 16ന് മെഡിക്കൽ കോളജിലെയും ആശുപത്രികളിലെയും കക്കൂസുകളിലെ മാലിന്യമടക്കം സംസ്കരിക്കാനുള്ള പ്ലാന്റ് അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ശുദ്ധീകരിച്ച ശേഷം വെള്ളം തുറന്നുവിടാനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ പ്രവർത്തനം മുടങ്ങി. ശുദ്ധീകരിച്ച വെള്ളം മാവൂർ റോഡ് വഴി കനോലി കനാലിലെത്തിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുയർന്നതായിരുന്നു മുഖ്യപ്രശ്നം. പൈപ്പ് കടന്നുപോവുന്ന മേഖലയിലെല്ലാം നാട്ടുകാരുടെ പ്രതിഷേധമുയർന്നെങ്കിലും നേതാക്കളും ജനപ്രതിനിധികളും പലതവണ ചർച്ചകളും ബോധവത്കരണവും നടത്തിയാണ് പൈപ്പിടൽ പൂർത്തിയായത്. ഇത്രയുംകാലം വെറുതെകിടന്ന യന്ത്രങ്ങളും മറ്റും നന്നാക്കി 2017ലാണ് പ്ലാന്റ് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയത്. അതിനുശേഷം നഗരത്തിന് മാതൃകയായി പ്രവർത്തിക്കുകയാണ് മെഡിക്കൽ കോളജ് പ്ലാന്റ്. വെള്ളം ശുദ്ധീകരിച്ചാണ് ഇപ്പോൾ കനോലി കനാലിലെത്തുന്നത്. മൊത്തം 20 ലക്ഷം ലിറ്റർ മലിനജലം പ്ലാന്റിൽ സംസ്കരിച്ച് കനോലി കനാലിലേക്ക് തുറന്നുവിടുന്നതായി സീറോ വേസ്റ്റ് മെഡിക്കൽ കോളജ് പദ്ധതിയുടെ കോഓഡിനേറ്റർ സത്യൻ മായനാട് പറഞ്ഞു. ആവിക്കലും കോതിയിലും കോർപറേഷൻ നിർമിക്കുന്ന പ്ലാന്റുകൾക്കെതിരെ ജനരോഷമുയർന്ന് വിവാദമായതോടെ മെഡിക്കൽ കോളജ് പ്ലാന്റ് കാണാൻ ഏറെപേർ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.