കൂരാച്ചുണ്ട്: ദേശീയ ടീമിൽ ഇടംനേടി ആദ്യത്തെ രണ്ട് മത്സരങ്ങളിൽതന്നെ എട്ട് ഗോളുകൾ സ്വന്തം അക്കൗണ്ടിൽകുറിച്ച മിന്നുംതാരം ഷിൽജി ഷാജിക്ക് (കുഞ്ഞാറ്റ) ജന്മനാടായ കക്കയത്തെ യുവത്വത്തിന്റെ ആദരവ്. ഇന്ത്യൻ അണ്ടർ 17 വനിത ഫുട്ബാളിലാണ് ഷിൽജി റെേക്കാഡ് നേട്ടം കൈവരിച്ചത്.
ജോർദാനെതിരെയുള്ള സൗഹൃദ മത്സരത്തിലായിരുന്നു ഷിൽജിയുടെ തകർപ്പൻ പ്രകടനം. കാൽപന്തുകളിയെ എന്നും നെഞ്ചേറ്റുകയും ജില്ലയിലെതന്നെ കരുത്തുറ്റ ടീമിനെ വാർത്തെടുക്കുകയും ചെയ്ത കക്കയത്തുകാർ ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തിൽ ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളൊന്നും സ്ഥാപിച്ചിരുന്നില്ല. ഒരു ഇന്ത്യൻ ഫുട്ബാളറുടെ കട്ടൗട്ട് ഉയർത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഈ ആഗ്രഹം സാധ്യമാകുമോയെന്ന് പലരും സംശയിച്ചിരിക്കുമ്പോഴാണ് ഷിൽജിയുടെ തകർപ്പൻ പ്രകടനം.
ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി പ്രതീക്ഷയായ സ്വന്തം കുഞ്ഞാറ്റയുടെ കട്ടൗട്ട് തന്നെ ഉയർത്തി. കക്കയത്തെ മൈതാനിയിൽനിന്ന് കാൽപന്ത് കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച അവൾ നാട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണയോടെ ഇന്ത്യൻ ജഴ്സിയിൽ തകർത്താടുകയാണ്. യുവ എഫ്.സി കക്കയം കൂട്ടായ്മയാണ് കട്ടൗട്ട് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.