കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപാത പുതുവത്സരസമ്മാനമായി ജനങ്ങൾക്ക് തുറന്നുകൊടുക്കും.
മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് (പി.എം.എസ്.എസ്.വൈ) എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയപാത. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലേക്കും പി.എം.എസ്.എസ്.വൈയിലേക്കും കൊണ്ടുപോകുന്നത് സ്ട്രെച്ചറിലും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിലുമാണ്. ഈ ബുദ്ധിമുട്ടുകൾക്കാണ് ആകാശപാതയിലൂടെ പരിഹാരമാവുക.
മേൽക്കൂരയടക്കം ഉള്ളതിനാൽ ഏത് കാലാവസ്ഥയിലും ഇതിലൂടെ സഞ്ചരിക്കാം. സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകളിലെ രണ്ടാമത്തെ ആകാശപാതയാണിത്. നിലവിൽ തിരുവനന്തപുരത്താണ് പാതയുള്ളത്. പാതയുടെ ഉദ്ഘാടനം ജനുവരി ആദ്യവാരം ഉണ്ടാവും. മാതൃശിശു ആരോഗ്യകേന്ദ്രത്തിെൻറ (ഐ.എം.സി.എച്ച്) കെട്ടിടത്തെ കൂടി പാതയുടെ ഭാഗമാക്കാനുള്ള സംവിധാനങ്ങൾ ഭാവിയിലുണ്ടാവും.
ഈ വർഷം ജൂണിലാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. 20 ഇരുമ്പുതൂണുകളിലായി നിർമിച്ച പാതക്ക് 172 മീറ്റർ നീളവും 13 അടി വീതിയുമുണ്ട്. രണ്ട് ബാറ്ററി കാറുകൾക്ക് ഇരുവശത്തേക്കുമായി ഒരേസമയം സഞ്ചരിക്കാനാവും. മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒന്നാം നിലയുടെ വടക്ക് ഭാഗത്തുനിന്ന് സൂപ്പർ സ്പെഷാലിറ്റിയുടെ തെക്കുഭാഗത്തേക്കും സൂപ്പർ സ്പെഷാലിറ്റിയുടെ പടിഞ്ഞാറുഭാഗവുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പാത ഒരുക്കിയത്. സ്റ്റീൽ ചട്ടക്കൂടിലാണ് പാതയുടെ നിർമാണം. മുൻ മന്ത്രി ടി.പി. രാമകൃഷ്ണനാണ് പദ്ധതിക്ക് മുൻകൈ എടുത്തത്.
ഭാരത് പെട്രോളിയം കോർപറേഷന് ലിമിറ്റഡിെൻറ (ബി.പി.സി.എൽ) സി.എസ്.ആർ ഫണ്ടിൽനിന്ന് പദ്ധതിക്കായി ഒരുകോടി രൂപ വകയിരുത്തി. കോളജിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ അലുമ്നി അസോസിയേഷൻ ഒരുകോടിയിലധികം രൂപ സംഭാവന ചെയ്തു. തുടർന്ന്, പൊതുമരാമത്ത് വകുപ്പ് രണ്ടുകോടി രൂപക്ക് പ്രവൃത്തി ഏറ്റെടുത്തു.
കാലിക്കറ്റ് എൻ.ഐ.ടിയാണ് പാത രൂപകൽപന ചെയ്തത്. നിലം കോൺക്രീറ്റിട്ട് മുകളിൽ ടൈലുകൾ പാകിയിട്ടുണ്ട്. ഇരുവശങ്ങളിലും സംരക്ഷണ ഷീറ്റുണ്ട്. ഫാന്‍, സി.സി.ടി.വി കാമറ എന്നിവയും പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. പി.എം.എസ്.എസ്.വൈ ബ്ലോക്കുകളിലേക്ക് പാതയെ ബന്ധിപ്പിക്കുന്ന പ്രവൃത്തി മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.