കോഴിക്കോട്: പട്ടാള ക്യാമ്പിലേക്ക് 100 കിലോ മത്സ്യം ഓർഡർ ചെയ്ത് മീൻവിൽപനക്കാരന്റെ അക്കൗണ്ടിൽനിന്ന് 22,000 രൂപ ഓൺലൈനായി തട്ടിയ സംഭവത്തിൽ അന്വേഷണം തുടങ്ങാതെ പൊലീസ്. ഫറോക്ക് കരുവൻതിരുത്തി റോഡിലെ മത്സ്യവിൽപനക്കാരൻ പി. സിദ്ദീഖിനാണ് പണം നഷ്ടമായത്. ജനുവരി 15നായിരുന്നു തട്ടിപ്പ്. ഫറോക്ക് പൊലീസ് പരാതിക്കാരനിൽനിന്ന് ഒരു തവണ മൊഴിയെടുക്കുകയല്ലാതെ മറ്റു കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. പരാതിയിൽ ഇതുവരെ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. അതിനിടെ, പരാതി കേട്ട ഉദ്യോഗസ്ഥൻ സ്ഥലംമാറിപ്പോവുകയും ചെയ്തു.
നേരത്തേ സൈബർ തട്ടിപ്പ് കേസുകൾ സൈബർ ക്രൈം പൊലീസാണ് അന്വേഷിച്ചതെങ്കിൽ നിലവിൽ ഇത്തരം കേസുകൾ ലോക്കൽ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും സാങ്കേതികസഹായങ്ങൾക്ക് സൈബർ പൊലീസിന്റെ സഹായം തേടാനുമാണ് നിർദേശം. എന്നാൽ, ലോക്കൽ പൊലീസ് ഇത്തരം കേസുകൾ വേണ്ടത്ര ജാഗ്രതയോടെ കാണുന്നില്ലെന്ന ആക്ഷേപം വ്യാപകമായതിനിടെയാണ് തട്ടിപ്പിൽ കേസ് പോലും രജിസ്റ്റർ ചെയ്യാത്തത്. തട്ടിപ്പ് നടത്തിയ ആളുടെ ഫോൺ നമ്പറിന്റെ ഡി.പി ചിത്രംപോലും പരാതിക്കാരനിൽനിന്ന് പൊലീസ് ശേഖരിച്ചിട്ടില്ല.
അക്കൗണ്ടിലെ പണം നഷ്ടമായതോടെ സിദ്ദീഖ് ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോൾ അക്ഷയ സെന്റർ വഴി ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട ടോൾഫ്രീ നമ്പറിൽ പരാതി രജിസ്റ്റർ ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇത് ഉടൻ പൂർത്തീകരിച്ചിരുന്നു.
സിദ്ദീഖിന്റെ ഫോണിലേക്ക് പട്ടാളക്കാരനെന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ചിട്ട് അടുത്ത ദിവസം ഫാറൂഖ് കോളജിലെ ക്യാമ്പിലേക്ക് 100 കിലോ മത്സ്യം വേണമെന്ന് ഹിന്ദിയിൽ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദി അറിയാത്തതിനാൽ സിദ്ദീഖ് സഹായിയായ വാസിഫിന് മൊബൈൽ കൈമാറി വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഇതിനിടെ ‘പട്ടാളക്കാരൻ’ വിശ്വാസ്യതക്കായി ഒരു കെട്ടിടത്തിന് മുന്നിൽ പട്ടാളക്കാർ നിൽക്കുന്ന ചിത്രമയച്ചു. ഫാറൂഖ് കോളജിലെ എൻ.സി.സി ക്യാമ്പിലേക്ക് മീൻ എന്നാണ് സിദ്ദീഖ് കരുതിയത്. 100 കിലോ മീൻ 28,000 രൂപക്ക് നൽകാമെന്നറിയിച്ചതോടെയാണ് അഡ്വാൻസ് തുക അയക്കാൻ അക്കൗണ്ട് നമ്പർ ചോദിച്ചത്.
15,000 രൂപ അഡ്വാൻസായി നൽകാമെന്നും ബാക്കി തുക മത്സ്യം ക്യാമ്പിൽ എത്തിക്കുമ്പോൾ നേരിട്ട് നൽകാമെന്നുമാണ് പറഞ്ഞത്. അക്കൗണ്ടിന്റെ ക്യൂആർ കോഡ് അയക്കാമെന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലെന്നായി. തുടർന്ന് ഗൂഗ്ൾപേ നമ്പർ നൽകിയെങ്കിലും അതും പോരെന്നും മറ്റൊരു ഫോൺ നമ്പർ നൽകാനും പറഞ്ഞു.
ഇതോടെ സിദ്ദീഖ് മകൻ മുസ്തഫയുടെ നമ്പർ നൽകി. പട്ടാളക്കാരൻ മുസ്തഫയുടെ മൊബൈലിലേക്ക് വിഡിയോ കാൾ ചെയ്ത് സിദ്ദീഖിന്റെ മൊബൈൽ ഫോണിലെ ഗൂഗ്ൾപേ എടുത്ത് ചില ‘ക്രമീകരണങ്ങൾ’ വരുത്താനും രഹസ്യനമ്പർ രേഖപ്പെടുത്താനും നിർദേശിച്ചു. ഗൂഗ്ൾപേയിൽ ക്രമീകരണങ്ങൾ വരുത്തി രഹസ്യനമ്പർ നൽകി നിമിഷങ്ങൾക്കകമാണ് അക്കൗണ്ടിൽനിന്ന് 22,190 രൂപ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.