അധ്യാപക-വിദ്യാർഥി പോര് പരിഹരിക്കാൻ മെഡി. കോളജിൽ പ്രത്യേക കമ്മിറ്റി

കോഴിക്കോട്: മെഡിക്കൽ കോളജിൽ അധ്യാപക-വിദ്യാർഥി തർക്കങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഡോ. രാജേഷ് പുരുഷോത്തമ‍‍െൻറ നേതൃത്വത്തിൽ ഡോ. ഗീത ഗോവിന്ദരാജ്, ഡോ. അസ്മാബി, ഡോ. ജിഷ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയിൽ വിദ്യാർഥികൾക്ക് അവരുടെ പ്രശ്നങ്ങളെല്ലാം അറിയിക്കാം. ഇതൊരു സ്ഥിരം കമ്മിറ്റിയാണ്.

വിദ്യാർഥികളുടെ കാമ്പസിലെയും ഹോസ്റ്റലിലെയും ക്ലാസുകളിലെയും പ്രശ്നങ്ങൾ കമ്മിറ്റിയിൽ ചർച്ച ചെയ്യും. വിദ്യാർഥികളുടെ പരാതി പഠിച്ചശേഷം അത് പരിഹരിക്കാനാവശ്യമായ നടപടികൾ കമ്മിറ്റി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു.

മെഡിക്കൽ കോളജിലെ അധ്യാപക -വിദ്യാർഥി പോരി‍െൻറ പശ്ചാത്തലത്തിൽ, വിദ്യാർഥികളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഹോസ്റ്റൽ ചീഫ് വാർഡൻ പീഡിപ്പിച്ചുവെന്ന വിദ്യാർഥികളുടെ പരാതിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കമ്മിറ്റി രൂപവത്കരിച്ചത്. വാർഡൻ വിദ്യാർഥികളെ മർദിച്ചെന്നോ ഇല്ലെന്നോ കണ്ടെത്താനായിട്ടില്ലെന്ന റിപ്പോർട്ടിൽ വിദ്യാർഥികളുടെ പരാതി പരിഹരിക്കാനും മറ്റുമായി കമ്മിറ്റി രൂപവത്കരിക്കാനും നിർദേശമുണ്ടായിരുന്നു.

അതേസമയം, വാർഡൻമാർ രാജിവെച്ച ഹോസ്റ്റലുകളിൽ പുതിയ വാർഡന്മാരെ നിയമിക്കുന്നതിന് സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. മൂന്നു വർഷം പൂർത്തിയായ വാർഡന്മാരെയെല്ലാം മാറ്റി പുതിയ ആളുകളെ നിയമിക്കുകയാണ്. അതിനുള്ള സർക്കുലറും തയാറാക്കിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥികൾ നിലവിലുള്ള ഹോസ്റ്റൽ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വാർഡൻ മർദിച്ചുവെന്ന വിദ്യാർഥികളുടെ ആരോപണം റാഗിങ് മറയ്ക്കാനായി കെട്ടിച്ചമച്ചതാണെന്നായിരുന്നു ചീഫ് വാർഡന്‍ പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ആശുപത്രി വാർഡിലൂടെ പ്രകടനം നടത്തുകയും അതിനെതിരെ ഡോക്ടർമാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വാർഡൻ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥികളും പൊലീസിനെ സമീപിച്ചു. അതിനിടെ, റാഗിങ്ങിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടെടുത്തതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചതെന്ന് ആരോപിച്ച് അഞ്ച് വാർഡന്മാർ രാജിവെക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്.

Tags:    
News Summary - Special Committee in Calicut Medi College to resolve teacher-student clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.