കോഴിക്കോട്: ജില്ലയിൽ കോൺഗ്രസ്-എസിലെ രൂക്ഷമായ ഭിന്നത പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ 12 വർഷമായി പ്രസിഡന്റായിരുന്ന സത്യചന്ദ്രന്‍റെ നേതൃത്വത്തിൽ നൂറോളം നേതാക്കളും പ്രവർത്തകരും ഈ മാസം 15ന് എൻ.സി.പിയിൽ ചേരും.
ജില്ലയിലെ ചില നേതാക്കളുടെ അഴിമതിക്കും അനീതിക്കുമെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. സത്യചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജില്ല കമ്മിറ്റി ഭാരവാഹികളെ അടുത്തിടെ സംസ്ഥാന കമ്മിറ്റി നീക്കിയിരുന്നു. വ്യാജരേഖ ചമച്ച് ജില്ല കമ്മിറ്റിയുടെ പേരിൽ സഹകരണ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ ജില്ല സെക്രട്ടറിയും സംസ്ഥാന നിർവാഹക സമിതി അംഗവുമായ സി.പി. ഹമീദിനെതിരെ മുൻ ജില്ല പ്രസിഡന്റ് പരാതി നൽകിയിരുന്നു.
വ്യാജരേഖ ചമക്കൽ, വ്യാജരേഖ യഥാർഥ രേഖയായി അവതരിപ്പിക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അഭിപ്രായ വ്യത്യാസം രൂക്ഷമായത്. എൽ.ഡി.എഫ് യോഗത്തിൽ പാർട്ടിയെ ഇപ്പോൾ ക്ഷണിക്കാറുമില്ല.
വി. ഗോപാലൻ പ്രസിഡന്റായി പുതിയ ജില്ല ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന ജില്ല നേതൃയോഗം തെരഞ്ഞെടുത്തിരുന്നു. അസുഖംബാധിച്ച് കിടപ്പിലായ വ്യക്തിയെ വരെ ഭാരവാഹിയായി തെരഞ്ഞെടുത്തതായി വിമതപക്ഷം ആരോപിക്കുന്നു. അതേസമയം, സംഘടനയുടെ അച്ചടക്കത്തിനും ഐക്യത്തിനും എതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുൻ ജില്ല പ്രസിഡന്റ് സത്യചന്ദ്രനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.