കോഴിക്കോട്: നായ് ശല്യത്തിന് പരിഹാര മാർഗം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മേയർ ബീന ഫിലിപ്. കേരളത്തിലെ തെരുവുനായ് ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ കക്ഷിചേരാനാണ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. പട്ടികളെ കൊന്നൊടുക്കാനല്ല, മറിച്ച് ശല്യം കുറക്കാൻ എന്തെല്ലാം ചെയ്യാനാകും എന്നാണ് പരിശോധിക്കുന്നത്. ആക്രമണകാരികളായ നായ്ക്കളെ തിരഞ്ഞുപിടിച്ച് കൊല്ലാനാവുമോ എന്ന കാര്യവും ആലോചിക്കുന്നുണ്ട്. നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ ബീന ഫിലിപ്.
പട്ടികളെ കീഹോൾ സർജറിക്ക് വിധേയമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. കോർപറേഷൻ വന്ധ്യംകരണ ആശുപത്രിയായ പൂളക്കടവ് എ.ബി.സി സെന്ററിൽ നിലവിൽ പട്ടികളെ വയർ തുറന്ന് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ് പതിവ്. തുടർന്ന് മൂന്നു ദിവസത്തോളം ഭക്ഷണവും പരിചരണവും നൽകി എ.ബി.സി സെന്ററിൽതന്നെ താമസിപ്പിക്കും. കീഹോൾ സർജറിക്ക് പരിശീലനം നൽകാനുള്ള കേന്ദ്രം തുടങ്ങാനും കോർപറേഷന് പദ്ധതിയുണ്ട്. ഇതോടെ കൂടുതൽ ഡോക്ടർമാർ എ.ബി.സി സെന്ററിലെത്തുമെന്നും അതോടെ കൂടുതൽ വേഗത്തിലും കൃത്യതയോടെയും വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്താൻ കഴിയുമെന്നും മേയർ പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ അഞ്ച് ടേബിളുകളാണ് വന്ധ്യംകരണം നടത്തുന്നതിനായി എ.ബി.സി സെന്ററിലുള്ളത്. പത്തോ പതിനഞ്ചോ ടേബിളുകൾ കൂടി ഒരുക്കുന്ന കാര്യം പരിഗണനയിലാണ്.
നായ്ശല്യത്തെക്കുറിച്ച് പഠിക്കാൻ പത്തംഗ കമ്മിറ്റിയെ കോർപറേഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളിൽപെട്ട കൗൺസിലർമാരും രണ്ട് ഡോക്ടർമാരും കോർപറേഷൻ സെക്രട്ടറിയും അടങ്ങുന്ന പത്തംഗസംഘം മറ്റ് പ്രദേശങ്ങളിൽ എങ്ങനെയാണ് നായ്ശല്യം പരിഹരിക്കുന്നത് എന്ന് പഠനം നടത്തിയശേഷം റിപ്പോർട്ട് സമർപ്പിക്കും. നായ്ക്കളെ താമസിപ്പിക്കാനായി ഷെൽട്ടർ കണ്ടെത്താനും കോർപറേഷൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തെരുവുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യപ്പൊതികൾ നായ്ക്കൾ വർധിക്കാൻ ഇടയാക്കുന്നുണ്ട്. ഭക്ഷണപ്പൊതികൾ വലിച്ചെറിയുന്നവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കും. ഇതിനായി നാൽപതോളം സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്.
യഥേഷ്ടം ഭക്ഷണം ലഭിക്കുന്നതിനാലാണ് നായ്ക്കൾ പെറ്റുപെരുകി വളരുന്നത്. കോവിഡ് വ്യാപനം നായ്ക്കളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരണമായി മാറിയെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. ഭക്ഷണം പൊതികളിലാക്കി നൽകുന്ന പതിവ് ഇക്കാലയളവിൽ വർധിച്ചു. ഇവ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതും പതിവാണ്. കാര്യമായി നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്ന സമയമായതിനാൽ ഈ ഭക്ഷണം കഴിച്ച് നായ്ക്കളുടെ എണ്ണം പെരുകിവന്നു. ഇക്കാലയളവിൽ നായ്ക്കൾ കൂടുതൽ അക്രമാസക്തമായതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കോർപറേഷനിൽ ലൈസൻസുള്ള നായ്ക്കളുടെ എണ്ണം വളരെ കുറവാണ്. തെരുവുനായ് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ 'ബൗ ബൗ' ഫെസ്റ്റിലൂടെ 44 തെരുവുനായ്ക്കളെ ദത്ത് നൽകിയിട്ടുണ്ട്. ഏപ്രിൽ മുതൽ കോർപറേഷൻ പരിധിയിലുള്ള വളർത്തുനായ്ക്കൾക്ക് ലൈസൻസിങ്ങും മൈക്രോചിപ്പും നൽകിത്തുടങ്ങിയതായും മേയർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, എ.ബി.സി വെറ്ററിനറി ഡോക്ടർ വി.എസ്. ശ്രീഷ്മ, മരാമത്ത് കമ്മിറ്റി ചെയർമാൻ കെ.സി. രാജൻ, ക്ഷേമകാര്യ സമിതി ചെയർമാൻ പി. ദിവാകരൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.