വെള്ളിമാട്കുന്ന്: ചരിത്രം അപനിർമിക്കപ്പെടുന്ന നടപ്പുകാലത്ത് ഇന്ത്യൻ ദേശീയതയുടെ യഥാർഥ ചിത്രം പകർന്ന് വിദ്യാർഥികൾ. മറന്നതോ മറയ്ക്കപ്പെട്ടതോ ആയ ചരിത്രനായകരുടെ ചരിതവും ചിത്രവുമടങ്ങിയ ‘പോർട്രേറ്റ് ഗാലറി’ ഒരുക്കിയാണ് സിവിൽ സ്റ്റേഷൻ ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ ഇത്തവണ സാതന്ത്ര്യദിനമാഘോഷിക്കുന്നത്. കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ഒരുക്കിയ, ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാളികളുടെ ഛായാചിത്രത്തോടൊപ്പം വിദ്യാർഥികൾ നേതാക്കളുടെ ജീവിതത്തിന്റെ ഏടുകൾ നേരിൽ വിവരിച്ചുതന്നെ നൽകും.
ഭരണകൂടങ്ങൾക്ക് ഇഷ്ടമില്ലാത്തതിനാൽ വിലക്കുകൽപിച്ച് പാഠപുസ്തകങ്ങളിൽനിന്നും ചരിത്രത്താളുകളിൽനിന്നും അടർത്തിമാറ്റിയവരെ പൊലിപ്പിച്ചുതന്നെ നിർത്താനുള്ള ശ്രമംകൂടിയാണ് വിദ്യാലയ വികസന സമിതിയുടെയും പി.ടി.എയുടെയും സഹായത്തോടെ വിദ്യാർഥികൾ നടത്തുന്നത്. ഓരോ നേതാക്കളെക്കുറിച്ചും കുട്ടികൾ അധികവായനയിലൂടെ പഠിച്ചെടുത്ത് പരസ്പരം ആശയസംവാദം നടത്തിയാണ് പോർട്രേറ്റ് ഗാലറിക്കൊരുങ്ങിയത്.
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിനെതിരെ വിദ്യാർഥികളുടെ പുതിയ പ്രതിഷേധം കൂടിയാണ് ചിത്രപ്രദർശനം. ചരിത്രത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവർ ചരിത്രമവശേഷിക്കുവോളം നിലനിൽക്കേണ്ടവരാണെന്ന ബോധ്യത്താലാണ് വിദ്യാഭ്യാസപരവും സാംസ്കാരികവും ചരിത്രപരവുമായ പുതിയ ചുവടുവെപ്പിനൊരുങ്ങുന്നതെന്ന് സംഘാടകർ പറഞ്ഞു. വിദ്യാലയ വികസന സമിതി ചെയർമാൻ എ.വി. സന്തോഷ്, പി.ടി.എ പ്രസിഡന്റ് അനാർക്കലി, എസ്.എം.സി ചെയർമാൻ ടി.പി. മുഹമ്മദ് സലീം, എം.പി.ടി.എ ചെയർപേഴ്സൻ നഷീദ, ഹെഡ്മിസ്ട്രസ് കെ.വി. ഷീന, അധ്യാപകനും എഴുത്തുകാരനുമായ ഷിബു മുത്താട്ട് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.