കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം എന്നിവക്ക് ജില്ലയില്‍നിന്ന് ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അര്‍ഹത നേടി. 2020 -21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കുന്നത്.
കോഴിക്കോടാണ് സംസ്ഥാനത്ത് മുന്നിലുള്ള കോർപറേഷന്. ജില്ലാതലത്തില്‍ മികവുതെളിയിച്ച പഞ്ചായത്തുകളില്‍ വളയം പഞ്ചായത്ത് ഒന്നാം സ്ഥാനവും പെരുമണ്ണ, മരുതോങ്കര പഞ്ചായത്തുകള്‍ രണ്ടാം സ്ഥാനവും നേടി. കായണ്ണ, നൊച്ചാട്, പനങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ മഹാത്മാ പുരസ്കാരം കരസ്ഥമാക്കി.
സ്വരാജ് ട്രോഫി നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും നല്‍കും. ജില്ലകളില്‍ സ്വരാജ് ട്രോഫി നേടുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ചുലക്ഷം രൂപയും നല്‍കും.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകളില്‍ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ വിതരണം ചെയ്യും. ഫെബ്രുവരി 19ന് സംഘടിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ല തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചര്‍ച്ചയും സംഘടിപ്പിക്കും. ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ ജില്ലാതല ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.