മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ആർ.എം.പി.ഐയിലെ ടി. രഞ്ജിത്ത് സ്ഥാനമേറ്റു. യു.ഡി.എഫിലെ ഘടകകക്ഷികൾ തമ്മിലുള്ള ധാരണയനുസരിച്ച് മുസ്ലിം ലീഗിലെ പുലപ്പാടി ഉമ്മർ മാസ്റ്റർ രാജിവെച്ച ഒഴിവിലേക്കാണ് രഞ്ജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ആർ.എം.പി നിലവിൽ ഭരണത്തിലുള്ള രണ്ടാമത്തെ പഞ്ചായത്താണ് മാവൂർ.
ശനിയാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എ.പി. മോഹൻദാസിനെ എട്ടിനെതിരെ 10 വോട്ടുകൾക്ക് തോൽപിച്ചാണ് ടി. രഞ്ജിത്ത് പ്രസിഡൻറായത്. കോൺഗ്രസ് -ഐയിലെ കെ.എം. അപ്പുക്കുഞ്ഞനാണ് രഞ്ജിത്തിനെ നാമനിർദേശം ചെയ്തത്. മുസ്ലിം ലീഗിലെ എം.പി. അബ്ദുൽ കരീം പിന്താങ്ങി. ഒരു വർഷമാണ് രഞ്ജിത്തിന് പ്രസിഡൻറ് സ്ഥാനം.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു രഞ്ജിത്ത്. ധാരണയനുസരിച്ച് ജൂൺ 30ന് പുലപ്പാടി ഉമ്മർ മാസ്റ്റർ പ്രസിഡൻറ് സ്ഥാനവും രഞ്ജിത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം വന്നിട്ടില്ല. വരണാധികാരി ഡെപ്യൂട്ടി തഹസിൽദാർ ശ്രീകുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നിലവിൽ ഒഞ്ചിയം പഞ്ചായത്താണ് ആർ.എം.പി ഭരിക്കുന്നത്. സി.പി.എം ശക്തികേന്ദ്രമായ വാർഡ് 18 മണക്കാടുനിന്നാണ് ടി. രഞ്ജിത് അട്ടിമറി വിജയം നേടിയത്. 18 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് എട്ടും സീറ്റാണുള്ളത്. യു.ഡി.എഫിൽ മുസ്ലിം ലീഗിന് അഞ്ചും കോൺഗ്രസിന് നാലും ആർ.എം.പിക്ക് ഒന്നും അംഗങ്ങളാണുള്ളത്.
ധാരണയനുസരിച്ച് ഭരണസമിതിയുടെ ആദ്യത്തെ ഒന്നര വർഷമായിരുന്നു മുസ്ലിം ലീഗിന് പ്രസിഡൻറ് പദവി. തുടർന്ന് ഒരു വർഷം ആർ.എം.പി.ഐക്കും ബാക്കി രണ്ടര വർഷം കോൺഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം. നിലവിൽ ആദ്യ രണ്ടര വർഷം കോൺഗ്രസിലെ ജയശ്രീ ദിവ്യപ്രകാശാണ് വൈസ് പ്രസിഡന്റ്. അടുത്ത രണ്ടര വർഷം മുസ്ലിം ലീഗിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. ചരിത്രത്തിലാദ്യമായാണ് മാവൂരിൽ സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ് ഇതര പാർട്ടിയിൽനിന്നുള്ളയാൾ പഞ്ചായത്ത് പ്രസിഡൻറാകുന്നത്. മാവൂർ പഞ്ചായത്തിൽ ഇതാദ്യമായാണ് ആർ.എം.പിഐക്ക് സീറ്റ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.