കൊയിലാണ്ടി: സ്കൂളിൽ നടന്ന കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാൽ പ്രധാനാധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നതായി അധ്യാപികയുടെ പരാതി. കാവുംവട്ടം എം.യു.പി സ്കൂൾ അധ്യാപിക ബാസിമ ഇതു സംബന്ധിച്ച് കൊയിലാണ്ടി സി.ഐ, എ.ഇ.ഒ എന്നിവർക്കു പരാതി നൽകി.
2017 മുതൽ ഈ സ്കൂളിൽ അധ്യാപികയാണ് ഇവർ. കുറച്ചു കാലമായി അവധിയിലുള്ള കുട്ടികളെ ഉച്ചക്കഞ്ഞി രജിസ്റ്ററിൽ ഹാജരായതായി രേഖപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യാൻ വിസമ്മതിച്ചതിനാൽ പ്രധാനാധ്യാപകൻ ഭീഷണിപ്പെടുത്തി.
തന്നോട് സ്കൂളിൽനിന്ന് ഭക്ഷണം കഴിക്കരുതെന്നും ബാത്ത്റൂം ഉപയോഗിക്കരുതെന്നും പറഞ്ഞു. സ്കൂൾ യോഗത്തിൽ അവഹേളിച്ചു. പൊതു അവധി ദിവസം പ്രവൃത്തി ദിവസമായി രേഖപ്പെടുത്തി. തന്നെ സ്കൂളിൽ ഒറ്റപ്പെടുത്തുന്നു തുടങ്ങിയവയാണ് അധ്യാപികയുടെ പരാതി. അധ്യാപിക ഡിസംബർ 12നു നൽകിയ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരുകയാണെന്ന് എ.ഇ.ഒ പി.പി. സുധ അറിയിച്ചു. പരാതി ലഭിച്ചതായി സി.ഐ പറഞ്ഞു. കേസ് എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരാതിയിൽ കഴമ്പില്ല -പ്രധാനാധ്യാപകൻ
കൊയിലാണ്ടി: അധ്യാപികയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് പ്രധാനാധ്യാപകൻ മനോജ് പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപം നടത്തിയിട്ടില്ല. സ്കൂളിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട പൊതുനിർദേശം നൽകുക മാത്രമാണ് ഉണ്ടായത്. സ്കൂൾ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും പ്രധാനാധ്യാപകനെ ധിക്കരിക്കുകയുമാണ് ചെയ്യുന്നത്. എ.ഇ.ഒ, ഡി.ഡി.ഡി, ഡി.പി.ഐ എന്നിവർക്കാണ് ആദ്യം പരാതി നൽകേണ്ടത്.
എന്നാൽ അധ്യാപിക പൊലീസിലാണ് ആദ്യം പരാതി നൽകിയത്.
സ്റ്റാഫ് യോഗം, മാനേജുമെന്റ് കമ്മിറ്റി, പി.ടി.എ എക്സിക്യൂട്ടിവ് എന്നിവ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.