കക്കോടി: അധ്യാപക തസ്തികകളിലെ അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള അനുപാതമുയർത്തിയത് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് നിയമനം വൈകുമെന്ന ആശങ്ക സൃഷ്ടിക്കുന്നു. അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള അനുപാതം 10 ശതമാനത്തിൽ നിന്നും 30 ശതമാനമായി വർധിപ്പിക്കാനുള്ള സർക്കാർ നടപടി വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ആശങ്ക ഉയർത്തുന്നതായി ലിസ്റ്റിൽ ഉൾപ്പെട്ടവർ പറയുന്നു.
മറ്റു വകുപ്പുകളിലും അന്തർജില്ല സ്ഥലംമാറ്റം 10 ശതമാനമാണ്. അധ്യാപക സംഘടനകളുടെ സഹായത്തോടെ ചില അധ്യാപകർ മുന്നോട്ടുവന്നതിന്റെ ഭാഗമായി അന്തർ ജില്ല സ്ഥലംമാറ്റം 30 ശതമാനമാക്കാനാണ് നീക്കമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
ജോലി വേഗം ലഭിക്കാൻവേണ്ടി സ്വന്തം ജില്ലയിൽ പരീക്ഷയെഴുതാതെ മറ്റുള്ള ജില്ലകളിൽ പോയി പരീക്ഷയെഴുതുകയും എന്നാൽ ഉദ്യോഗം ലഭിച്ചതിനുശേഷം അവിടെ ജോലിചെയ്യാൻ താൽപര്യപ്പെടാതെ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടുകയും ചെയ്യുന്ന പ്രവണതയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളതെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
പ്രൈമറി അധ്യാപക നിയമത്തിനും ഹൈസ്കൂൾ അധ്യാപക നിയമനത്തിനും സംസ്ഥാനതല പരീക്ഷ നടത്താതെ ജില്ലതലത്തിൽ പരീക്ഷ നടത്തുന്നത് ഉദ്യോഗാർഥികൾക്ക് ജോലി ചെയ്യാൻ താൽപര്യവും സൗകര്യവുമുള്ള ജില്ല തിരഞ്ഞെടുക്കാൻ കൂടിയാണ്. എന്നിട്ടും ഒരു ജില്ലയിൽ പരീക്ഷ എഴുതി മറ്റു ജില്ലയിലേക്ക് മാറാൻ ശ്രമിക്കുന്നത് പ്രയാസം സൃഷ്ടിക്കുകയാണ്. അന്തർജില്ല സ്ഥലംമാറ്റം 30 ശതമാനമാക്കുന്നത് ജില്ലയിലെ ഉദ്യോഗാർഥികളുടെ ഒഴിവുകളിൽ വലിയ കുറവുണ്ടാക്കാനിടയുണ്ടെന്നും ലിസ്റ്റിൽ ഉൾപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.