താമരശ്ശേരി: പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മേഞ്ഞ കൂരയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷി വിദ്യാർഥിനി പള്ളിപ്പുറം തെക്കെ മുള്ളമ്പലത്തിൽ മഠത്തിൽ അഷിതക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായത്താൽ വീടൊരുങ്ങി. രണ്ട് കുട്ടികളടക്കമുള്ള കുടുംബം ചോർന്നൊലിക്കുന്ന കൂരയിൽ താമസിക്കുന്ന ‘മാധ്യമം’ നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ട ബ്ലോക്ക് റിസോഴ്സ് സെന്റർ അധികൃതർ വീടു നിർമാണം ഏറ്റെടുക്കുകയായിരുന്നു.
കൊടുവള്ളി ബി.ആർ.സിയുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുനിർത്തുകയും അവർക്ക് താങ്ങാവുകയും ചെയ്യുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു.
അരികുവത്കരിക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അത് ഉത്തരവാദിത്തപൂർവം നടപ്പാക്കാൻ പരിശ്രമിച്ചു വരുകയാണെന്നും അദ്ദേഹംപറഞ്ഞു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. ബി.പി.സി വി.എം. മെഹറലി സ്വാഗതം പറഞ്ഞു.
10 ലക്ഷത്തോളം രൂപ ചെലവിൽ സുമനസ്സുകളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായത്തോടെയാണ് വീടു നിർമാണം പൂർത്തിയാക്കിയതെന്ന് മെഹറലി പറഞ്ഞു. വാർഡ് മെംബർ എം.വി. യുവേഷ് ചെയർമാനും പി. വിനയകുമാർ കൺവീനറും എം. വൈ. മുഹമ്മദ് റാഷി ട്രഷററുമായുള്ള കമ്മിറ്റിയാണ് നിർമാണ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സുമ രാജേഷ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുൽ നാസർ, എം.വി. യുവേഷ്, എ.ഇ.ഒ പി. വിനോദ്, എച്ച്.എം ഫോറം കൺവീനർ സക്കീർ, കെ.പി. വാസു, എ. അബ്ദുൽ നാസർ, ഉസ്മാൻ പി. ചെമ്പ്ര, കെ.കെ. മുനീർ, പി.വി. മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.