കോഴിക്കോട്: കുട്ടികൾക്ക് ജയിലിൽ കഴിയുന്ന തങ്ങളുടെ രക്ഷിതാക്കളെ കാണാൻ അവസരമൊരുക്കണമെന്ന് നിർദേശം. വിചാരണ തടവുകാരായും ശിക്ഷിക്കപ്പെട്ടും സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന മാതാവ്, പിതാവ്, സഹോദരങ്ങൾ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ എന്നിവരെ കാണുന്നതിന് കുട്ടികൾ ആവശ്യപ്പെടുന്ന പക്ഷം സൗകര്യമൊരുക്കണമെന്നാണ് മുഴുവൻ ജയിൽ ഓഫിസർമാർക്കും സംസ്ഥാന ജയിൽ മേധാവി ഡോ. ഷെയ്ഖ് സർവേഷ് സാഹിബ് നിർദേശം നൽകിയത്.
കുട്ടികളുടെ അവകാശങ്ങൾ ചൂണ്ടിക്കാട്ടി നേരത്തേ സംസ്ഥാന ബാലാവകാശ കമീഷൻ ജയിൽ വകുപ്പിന് ഉത്തരവ് നൽകിയിരുന്നു. തുടർന്നാണ് നടപടി. നേരത്തേയും കുട്ടികൾക്ക് ജയിലുകളിലെത്തി രക്ഷിതാക്കളെ കാണാമെങ്കിലും പ്രത്യേക സൗകര്യങ്ങളൊന്നും അനുവദിച്ചിരുന്നില്ല. തടവിൽ കഴിയുന്ന രക്ഷിതാക്കളെയോ ഉറ്റ ബന്ധുക്കളെയോ കാണാൻ ഏതെങ്കിലും കുട്ടികൾ ആവശ്യപ്പെട്ടാൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കി കാണാൻ അവസരമൊരുക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ചയുണ്ടാവാതിരിക്കാൻ ജയിൽ മേധാവികൾ ശ്രദ്ധിക്കണമെന്നുമാണ് ഡി.ജി.പി നിർദേശിച്ചത്. നേരിട്ട് ജയിലിലെത്തി ബന്ധപ്പെട്ടവരെ കാണുന്നതിന് കുട്ടികൾക്ക് പ്രായോഗിക പ്രയാസമുണ്ടായാൽ ജയിലധികൃതർ ഓൺലൈൻ സംവിധാനമൊരുക്കി നൽകണം.
കുട്ടികളെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് പോക്സോ, മറ്റു ബാലനീതി നിയമങ്ങൾ എന്നിവ പ്രകാരം ജയിലിൽ കഴിയുന്ന രക്ഷിതാക്കളെയും മറ്റും കാണുന്നതിന് അപേക്ഷ ലഭിച്ചാൽ കുട്ടികളുടെ ഉത്തമ താൽപര്യത്തിന് എതിരാവുമോ എന്ന് പരിശോധിച്ചശേഷമേ അനുമതി നൽകാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.