കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രോസിക്യൂഷന് അനുമതി തേടി 28ന് അപേക്ഷ സമർപ്പിക്കുമെന്ന് കമീഷണർ ഉറപ്പു നൽകിയതിനാൽ 21ന് കമീഷണർ ഓഫിസിനു മുന്നിൽ നടത്താനിരുന്ന സമരം പിൻവലിച്ചതായി ഹർഷിനയും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും അറിയിച്ചു. കേസിൽ പ്രതികളായ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള മെഡിക്കൽ കോളജ് എ.സി.പി സുദർശനന്റെ അപേക്ഷ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു.
അപേക്ഷ നൽകി ഒരു മാസം പൂർത്തിയാവുമ്പോഴാണ് തിരിച്ചയച്ചത്. ഇത് നീതി വൈകിപ്പിക്കാനുള്ള ബോധപൂർവ ശ്രമമാണെന്ന് ആരോപിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. തുടർന്ന് ഇവരെ സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് ചർച്ചക്ക് വിളിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജ് എ.സി.പിയുടെ അപേക്ഷ 28ന് സർക്കാറിലേക്ക് അയക്കുമെന്ന് കമീഷണർ ഉറപ്പുനൽകുകയായിരുന്നു. സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ, എ.സി.പി സ്പെഷൽ ബ്രാഞ്ച് എ. ഉമേഷ് എന്നിവരുടെ സാന്നിധ്യത്തിൽ കമീഷണർ ഓഫിസിൽ നടന്ന ചർച്ചയിൽ കെ.കെ. ഹർഷിന, സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, കൺവീനർ മുസ്തഫ പാലാഴി, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.