കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെട്രോൾ പമ്പ് ജീവനക്കാരിയുടെ സ്വർണ മാല ബൈക്കിലെത്തി കവർന്നയാൾ അറസ്റ്റിൽ. കുറ്റിച്ചിറ സ്വദേശിയും ഒടുമ്പ്രയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് ഫൈജാസിനെയാണ് (38) അറസ്റ്റുചെയ്തത്.
ഡി.സി.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. കൊളായിത്താഴം പെട്രോൾ പമ്പിനടുത്തുനിന്ന് സ്ത്രീ നടന്നുപോകുമ്പോഴാണ് മാല പൊട്ടിച്ചത്. കവർച്ചസമയം ഇയാൾ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പറാണ് ഘടിപ്പിച്ചത്. കുറച്ചുദൂരം സഞ്ചരിച്ച ശേഷം ഇയാൾ പുതിയ നമ്പർ മാറ്റി യാത്ര തുടർന്നെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെ സ്പെഷൽ ആക്ഷൻ ഗ്രൂപ് ഇയാളെ പിടികൂടുകയായിരുന്നു.
18 കിലോമീറ്റർ ദൂരത്തിൽ നൂറോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈയിടെ വാങ്ങിയ ബൈക്കാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. സ്ഥിരമായി മാലപൊട്ടിക്കാനാണോ ഈ ബൈക്ക് വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ വട്ടക്കിണറുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ച മോഷണ മുതൽ പൊലീസ് കണ്ടെടുത്തു. പ്രതിയെയുംകൂട്ടി പൊലീസ് സംഭവസ്ഥലത്തും പ്രതിയുടെ വീട്ടിലും ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു. ചികിത്സക്ക് വന്ന സാമ്പത്തിക ബാധ്യതയാണ് കുറ്റകൃത്യം ചെയ്യിച്ചതെന്നാണ് ഫൈജാസ് പൊലീസിനോട് പറഞ്ഞത്.
കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ വിശോഭ്, സച്ചിത്ത്, ഷിജു എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.