എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എസ്റ്റേറ്റ്മുക്ക് ടൗണിനടുത്ത് ചിറക്കൽ ഭാഗത്ത് കൊയിലാണ്ടി-എടവണ്ണ റോഡുപണിയുടെ ഭാഗമായി നിർമിച്ച ഓവുചാൽ ഒടുവിൽ സ്ലാബിട്ട് മൂടി. ആഴ്‌ചകളോളമായി ഓവുചാലിനു സ്ലാബ് ഇല്ലാതെ തുറന്നുകിടക്കുന്നത് കാരണം നാട്ടുകാർക്ക് സമീപത്തെ കടകളിലേക്ക് എത്തിപ്പെടാനും കെട്ടിടത്തിന് മുകൾനിലയിലുള്ള മദ്റസയിലേക്ക് വിദ്യാർഥികൾക്ക് പോകാനും പ്രയാസപ്പെട്ടിരുന്നു.
കുട്ടികളും കടകളിലേക്ക് വരുന്നവരും ഓവുചാലിൽ വീണ് അപകടം പതിവായതോടെ വൻ പ്രതിഷേധമുയർന്നിരുന്നു. ഓവുചാൽ മൂടാൻ ഇറക്കിയ വലിയ കോൺക്രീറ്റ് സ്ലാബുകൾ കടകളുടെ മുന്നിൽ കൂട്ടിയിട്ടതിനാൽ കാൽനടക്കാർ തടഞ്ഞുവീഴുന്നതും പതിവായിരുന്നു.
നാട്ടുകാരുടെ ദുരിതം വിവരിച്ച് വെള്ളിയാഴ്‌ച 'മാധ്യമം' വാർത്ത നൽകിയിരുന്നു. വെള്ളിയാഴ്‌ച രാവിലെ തന്നെ കരാറുകാരുടെ തൊഴിലാളികൾ മണ്ണുമാന്തി യന്ത്രവുമായി വന്ന് ഉച്ചയോടെ ഓവുചാലിന്റെ പ്രവൃത്തി പൂർത്തീകരിച്ച് മുകളിൽ സ്ലാബിട്ട് മൂടി. ഏതാനും മണിക്കൂറുകൾകൊണ്ട് തീർക്കാവുന്ന പ്രവൃത്തിയാണ് ആഴ്‌ചകളോളം ജനത്തെ ദുരിതത്തിലാക്കി നീട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.