കോഴിക്കോട്: രാമനാട്ടുകരയിലെ ടെലിഫോൺ എക്സ്ചേഞ്ചിൽനിന്ന് കേബ്ൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. വയനാട് നടവയൽ പൂതാടി നെയ്യുപ്പ കോളനിയിലെ സുരേഷ് (42), കോഴിക്കോട് മുക്കം മണാശ്ശേരി മലാംകുന്നത്ത് ഹരീഷ് (22) എന്നിവരെയാണ് ഫറോക്ക് ഇൻസ്പെക്ടർ ഹരീഷും ഡി.സി.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയത്.
ആഗസ്റ്റ് നാലിന് രാത്രി രാമനാട്ടുകര ടെലിഫോൺ എക്സ്ചേഞ്ച് ഓഫിസ് എക്യുപ്മെന്റ് റൂമിന്റെ പൂട്ടുപൊളിച്ച് 250 കിലോയോളം വരുന്ന ഡി.സി പവർ കേബ്ൾ മോഷണം പോയിരുന്നു. ഈ കവർച്ചയിൽ അന്വേഷണം നടത്തുന്നതിനിടെ നവംബർ ഒന്നിന് വീണ്ടും ഇതേ സ്ഥലത്തുനിന്ന് പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പി മോഷണം പോയി.
തുടർന്ന് ഇത്തരം കേസുകളിൽപെട്ടവരെയും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതിൽ മോഷണം നടത്തിയവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുകയായിരുന്നു. തുടരന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൂടുതൽ ചോദ്യംചെയ്തതോടെയാണ് പഴയ കവർച്ചയെക്കുറിച്ചും പൊലീസിന് അറിവായത്. പിടിയിലായവർക്കെതിരെ കുന്ദമംഗലം, സുൽത്താൻ ബത്തേരി, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളുണ്ട്.
ഫറോക്ക് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. അനൂപ്, എ.എസ്.ഐ രഞ്ജിത്ത്, സി.പി.ഒമാരായ ശ്യാംജിത്ത്, പ്രജിത്ത്, സ്പെഷൽ ബ്രാഞ്ചിലെ എ.എസ്.ഐ സുജിത്ത്, സ്പെഷൽ ആക്ഷൻ ഗ്രൂപ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, സഹീർ പെരുമണ്ണ, സുമേഷ് ആറോളി, ഷാഫി പറമ്പത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.