കോഴിക്കോട്: നഗരത്തിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷനൽ സ്കൂളിന്റെ ബസാണ് പൊറ്റമ്മൽ -കുതിരവട്ടം റോഡിൽ മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. 23 വിദ്യാർഥികൾ അപകടസമയം ബസിലുണ്ടായിരുന്നു.
പരിക്കേറ്റവരിൽ ആറുപേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും നാലുപേരെ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ മറ്റു മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ല.
കുതിരവട്ടം ഭാഗത്തുനിന്ന് പൊറ്റമ്മലിലേക്ക് വരുകയായിരുന്ന ബസ് എതിരെവന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്ന് മെഡിക്കൽ കോളജ് എസ്.ഐ അനു എസ്. നായർ പറഞ്ഞു. ഭാഗ്യവശാലാണ് വിദ്യാർഥികൾ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സമീപത്തെ വ്യാപാരികളും നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും.
അപകടത്തെത്തുടർന്ന് പൊറ്റമ്മൽ -കുതിരവട്ടം റൂട്ടിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. പൊലീസെത്തി പിന്നീട് ഗതാഗതം തിരിച്ചുവിടുകയായിരുന്നു. മറിഞ്ഞ ബസ് വൈകീട്ടോടെ എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.