നന്മണ്ട: യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറായ യുവാവ് അറസ്റ്റിൽ. നന്മണ്ട തയ്യുള്ളതിൽ ശരത് ലാലിനെയാണ് (31) കാക്കൂർ എസ്.എച്ച്.ഒ സനൽ രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 24നായിരുന്നു കാക്കൂർ പി.സി പാലം സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തത്.
അറസ്റ്റിലായ ശരത് ലാൽ കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്. ശരത് ലാൽ ഡ്രൈവറായി പോകുന്ന ബസിലെ സ്ഥിരം യാത്രക്കാരിയാണ് യുവതിയെന്ന് പൊലീസ് അന്വേഷണത്തിൽ ബോധ്യമായി.
യുവതിയുമായുള്ള സൗഹൃദം മുതലെടുത്ത് സാമ്പത്തിക ഇടപാടുകൾ നടത്തുകയും യുവതി പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ജോലിസ്ഥലത്തെത്തി മാനഹാനി വരുത്തുമെന്നും കുടുംബജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
അന്വേഷണസംഘം യുവതിയുടെ മൊബൈൽ ഫോൺ, വാട്സ് ആപ് ചാറ്റുകൾ, സി.ഡി.ആർ തുടങ്ങിയവ പരിശോധിച്ചിരുന്നു. പ്രതിക്ക് കൂടുതൽ യുവതികളുമായി ബന്ധമുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് സംഘം വ്യക്തമാക്കി.
എസ്.എച്ച്.ഒ സനൽ രാജിനെ കൂടാതെ എസ്.ഐമാരായ ജീഷ്മ, കെ. ജയരാജൻ, എ.എസ്.ഐ സ്വപ്നേഷ്, കെ.എം. ബിജേഷ്, എസ്.സി.പി.ഒ ഷംനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയ പ്രതിയെ കോഴിക്കോട് മൂന്നാം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.