നന്മണ്ട: ക്ഷേത്രഭണ്ഡാരത്തിൽ കാണിക്ക സമർപ്പിച്ച് മോഷ്ടാവിന്റെ മോഷണം. തളി ശിവക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്ക സമർപ്പിച്ച് ഭഗവാനെ തൊഴുത മോഷ്ടാവ് തൊട്ടടുത്ത അയ്യപ്പമഠത്തിലെ ഭണ്ഡാരം തുറന്ന് പണം അപഹരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 1.55നും 2-03നുമിടയിലാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വി ദൃശ്യത്തിൽനിന്ന് വ്യക്തമാകുന്നത്. കാക്കിവസ്ത്രധാരിയായ മോഷ്ടാവ് ഓട്ടോറിക്ഷയിലാണ് വന്നത്. മുഖം മറക്കുകയും തല തുണികൊണ്ട് കെട്ടിയതിനാൽ മുഖം വ്യക്തമല്ല.
ക്ഷേത്രത്തിലെ പ്രവേശനകവാടത്തിലുള്ള ഭണ്ഡാരം നിരീക്ഷിച്ചതിനുശേഷം ആനക്കൊട്ടിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് നിരീക്ഷിച്ച് നാണയം ഇട്ടു. ശേഷം ഉപയോഗിക്കാത്ത തുരുമ്പെടുത്ത ഭണ്ഡാരത്തിലും നാണയം ഇട്ടു. മൂന്നു ഭണ്ഡാരത്തിലും നാണയം നിക്ഷേപിച്ച ശേഷമാണ് അയ്യപ്പ മഠത്തിലെ ഭണ്ഡാരം തുറന്നത്.
ശനിയാഴ്ച രാവിലെ മഠത്തിലെത്തിയ കരിപ്പാല ഭാസ്കര സ്വാമിയും ദാമോദരൻ നായരുമാണ് തകർന്നത് കാണുന്നത്. അതേസമയം, മോഷ്ടാക്കൾ ഭണ്ഡാരത്തിൽ നാണയമിടുന്നത് നോട്ടാണോ നാണയമാണോ എന്നറിയാനാണെന്ന് പൊലീസ് പറയുന്നു.
ക്ഷേത്ര കമ്മിറ്റി ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇവർ പരിശോധന നടത്തി. വിഷുവിന് മുമ്പ് ക്ഷേത്രത്തിന് മുന്നിൽ നിർത്തിയ തളിക്കുഴിയിൽ ഷാജിയുടെ ഓട്ടോറിക്ഷ കളവുപോയിരുന്നു. ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.