ചെറുതും വലുതുമായ അറുനൂറോളം കവർച്ചക്കേസുകളാണ് കഴിഞ്ഞവർഷം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. പിടിച്ചുപറികളടക്കം 398 കേസ് സിറ്റി പരിധിയിലാണ്. 131 എണ്ണം വാഹനമോഷണവുമായി ബന്ധപ്പെട്ടതും. അലങ്കാരമത്സ്യം മുതൽ കിലോയിലേറെ സ്വർണംവരെയാണ് മോഷണംപോയത്. തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുട്ടു ഗ്രാമത്തിലെ കുറുവസംഘംവരെ നഗരപരിധിയിലെത്തി കവർച്ച നടത്തി.
ടൗൺ പൊലീസ് പരിധിയിൽ വലിയങ്ങാടി മേഖല കേന്ദ്രീകരിച്ചാണ് കൂടുതൽ കവർച്ച. ഗണ്ണിസ്ട്രീറ്റ് ചാക്കാരിട ഭാഗത്തെ വീട്ടിൽ സലാം-റാബിയ ദമ്പതികളെ ബന്ധിയാക്കിയുള്ള കവർച്ചക്കിടെ മോഷ്ടാവിനെ വീട്ടിലുള്ളവർ പിടികൂടിയെങ്കിലും മുളകുപൊടിയെറിഞ്ഞ് സ്വർണ ബ്രേസ്ലറ്റ് കൈക്കലാക്കി ഇയാൾ രക്ഷപ്പെടുകയായിരുന്നു. സമീപത്തെ രണ്ട് കടകളിലും കവർച്ച നടത്തിയ പ്രതി പിന്നീട് പിടിയിലായി. വലിയങ്ങാടിയിൽ പലപ്പോഴും അഞ്ചും എട്ടും കടകളുടെ പൂട്ട് ഒരുമിച്ച് തകർത്താണ് മോഷണം.
ഇവിടത്തെ പള്ളിപ്പുറം ബ്രദേഴ്സിനുള്ളിലെ സി.സി ടി.വി കാമറ മറച്ചുവെച്ച മോഷ്ടാവ്, മോണിറ്റർ കത്തിച്ചുകളയുകയും ഡി.വി.ആർ ഊരിക്കൊണ്ടുപോയുമാണ് 'മികവുകാട്ടിയത്'. ചെട്ടികുളം കൊളായിൽ വിജയലക്ഷ്മിക്കുനേരെ കത്തികാട്ടിയായിരുന്നു കവർച്ച. അതിനിടെ, സ്വർണപ്പണിക്കാരനായ ബംഗാൾ സ്വദേശിയിൽനിന്ന് ഒരുകിലോ തൂക്കമുള്ള സ്വർണക്കട്ടി ബൈക്കുകളിലെത്തിയ എട്ടംഗസംഘവും കവർന്നു. ക്വട്ടേഷൻ നേതാവടക്കമുള്ളവരാണ് കേസിൽ കസബ പൊലീസിന്റെ പിടിയിലായത്. അവസാനമിപ്പോൾ കോട്ടൂളിയിലെ മുത്തൂറ്റ് ഫിൻ കോർപ് ശാഖയിലും മോഷ്ടാവെത്തി. അലാറം മുഴങ്ങി പൊലീസെത്തിയതിനാലാണ് കവർച്ച ഒഴിവായതും പ്രതി ബംഗാൾസ്വദേശി പിടിയിലായതും.
ക്വട്ടേഷൻ, ഗുണ്ട പ്രവർത്തനവും ജില്ലയിൽ കൂടുകയാണ്. നേരേത്ത കൊടുവള്ളിയിലെ ചിലരുൾപ്പെടുന്ന സംഘം സ്വർണക്കടത്തിന് സുരക്ഷയൊരുക്കാനും കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനും ഇടപെടുന്നതാണ് കണ്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകൾ താമരശ്ശേരി, കൊടുവള്ളി, നാദാപുരം പൊലീസ് സ്റ്റേഷനുകളിലാണുള്ളത്. ഈ സംഘങ്ങളിപ്പോൾ സ്വർണക്കടത്ത് കാരിയർമാരെ തട്ടിക്കൊണ്ടുപോകുന്നതടക്കം കൂടി. ഒന്നര കിലോ സ്വർണവുമായി വിദേശത്തുനിന്നെത്തിയ നാദാപുരം ഇയ്യങ്കോട് സ്വദേശിയെ കാണാതായെന്നാരോപിച്ച് ക്വട്ടേഷൻ സംഘങ്ങൾ പട്ടാപ്പകലാണ് വീട്ടിലും നാട്ടിലും ഭീഷണി മുഴക്കിയത്. സമാന സംഭവത്തിൽ കൈയും കാലും ഒടിച്ച് യുവാവിനെ മാവൂരിൽ തള്ളുകയും ചെയ്തിരുന്നു.
കൂടുതൽ പേർ ഗുണ്ട സംഘങ്ങളുടെ ഭാഗമായതോടെ ലഹരിക്കടത്ത്, വീടും കടയും സ്ഥലവും ഒഴിപ്പിക്കൽ, സ്വർണ-പലിശ ഇടപാട്, വാഹന മോഷണം, ഹണിട്രാപ്പൊരുക്കി പണം തട്ടൽ എന്നിവയെല്ലാം നടക്കുന്നുണ്ട്. സ്ത്രീയുൾപ്പെട്ട സംഘം ദുരഭിമാനക്കൊല നടത്താൻ ക്വട്ടേഷൻ നൽകിയതാണ് ഈ ശ്രേണിയിലെ അവസാന സംഭവം. ഭാര്യാസഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് വെള്ളിമാട്കുന്ന് സ്വദേശി റിനീഷിനെ (42) കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷൻ.
കേസിൽ തലക്കുളത്തൂർ, അന്നശ്ശേരി സ്വദേശികളായ സ്ത്രീയുൾപ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. ചേവായൂർ, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ രാത്രിയെത്തി സ്ത്രീകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന ഗുണ്ട നേതാവ് പെരിെങ്ങാളം സ്വദേശി ഷജു എന്ന ടിങ്കു മെഡിക്കൽ കോളജ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി റോഡിലെ കാറിന് മുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് സമൂഹമാധ്യമങ്ങളിലടക്കം വൈറലായതും സമീപകാല സംഭവം.
കോഴിക്കോട്: വനിത ഡോക്ടർക്കും കുടുംബത്തിനും 'ഐശ്വര്യ ചികിത്സ'നടത്തിയ മന്ത്രവാദി തട്ടിയത് 45 പവന്റെ സ്വർണാഭരണങ്ങൾ. ചികിത്സക്ക് ഫറോക്കിലെ ഡോക്ടറെ കാണാൻ വന്നയാൾ സൗഹൃദം സ്ഥാപിച്ച് കുടുംബത്തിന്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും സമാധാനത്തിനുമായി മന്ത്രവാദം നടത്താൻ പ്രേരിപ്പിക്കുകയായിരുന്നു. ഡോക്ടർ പാതി സമ്മതം മൂളിയതോടെ മലപ്പുറത്തുള്ള മന്ത്രവാദിയെ ചികിത്സക്കെത്തുന്നയാൾ ഡോക്ടറുടെ പരിശോധന കേന്ദ്രത്തിലെത്തിച്ചു.
മന്ത്രവാദത്തിന് സ്വർണം ആവശ്യമാണെന്ന് പറഞ്ഞതോടെ ഡോക്ടർ പിൻവാങ്ങിയെങ്കിലും സ്വർണം കൈമാറേണ്ടെന്ന് അറിയിച്ചതോടെ വഴങ്ങുകയായിരുന്നു. തുടർന്ന് മന്ത്രവാദി നിർദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോ അംഗത്തിന്റെ പേരിലും ഒാരോ പൊതി സ്വർണാഭരണങ്ങൾ ചികിത്സകേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു. മന്ത്രവാദി ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഊതുകയും ചെയ്തു.
ഒരുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ 45 പവൻ സ്വർണാഭരണമാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. മുൻകൂട്ടി പറഞ്ഞസമയം കഴിഞ്ഞതിനെ തുടർന്ന് ഡോക്ടർ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് അറിയുന്നത്. തുടർന്ന് മന്ത്രവാദിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. തട്ടിപ്പിൽ ഫറോക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.