കോഴിക്കോട്: പതിനായിരം കിലോയിലേറെ റേഷനരി സ്വകാര്യ കടയിൽ നിന്ന് പിടികൂടിയ സംഭവത്തിൽ താലൂക്ക് സപ്ലൈ ഓഫിസ് ആറ് റേഷൻകടകളിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ജില്ല സപ്ലൈ ഓഫിസർക്ക് കൈമാറി. എവിടെ നിന്നാണ് ഇത്രയധികം റേഷനരി സ്വകാര്യ കടയിലേക്ക് എത്തിയതെന്ന് പരിശോധനയിൽ കണ്ടെത്താനായില്ല.
റേഷൻ കടകളിലെ സ്റ്റോക്കിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെയും പരിസരങ്ങളിലെയും റേഷൻ കടകളിലും വലിയങ്ങാടിയിലെ കടകളിലുമാണ് പരിശോധന നടത്തിയത്. പൊതു വിപണിയിൽ റേഷനരി അനധികൃതമായി എത്തിയിട്ടുണ്ടോ എന്നറിയാനാണ് കടകളിൽ പരിശോധന. വലിയങ്ങാടിയിലെ സീന ട്രേഡേഴ്സിലായിരുന്നു 123 ചാക്ക് റേഷനരിയും 60 ചാക്ക് ഗോതമ്പും പിടികൂടിയത്. ഇതു സംബന്ധിച്ച പൊലീസ് അന്വേഷണം ഇഴയുകയാണ്. മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായത്.
വളാഞ്ചേരിയിലെ മില്ലിലേക്കാണ് റേഷനരിയും ഗോതമ്പും കടത്താൻ ശ്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. എവിടെ നിന്നാണ് അരി ലഭിച്ചത് എന്ന് പ്രതികൾ വെളിപ്പെടുത്തുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കടയുടമ കുതിരവട്ടം സ്വദേശി നിർമൽ (44), ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി അപ്പുക്കുട്ടൻ (70), സഹായി പുത്തുർ മഠം സ്വദേശി ഹുസൈൻ എന്നിവരാണ് റിമാൻഡിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.