കോഴിക്കോട്: ബീച്ച് (ജനറൽ) ആശുപത്രിയിൽ ഫിലിമില്ലാത്തതിനാൽ എക്സ്റേ യൂനിറ്റിൽനിന്ന് രോഗികളെ തിരിച്ചയച്ചത് പ്രതിഷേധത്തിനും സംഘർഷാവസ്ഥക്കും ഇടയാക്കി. ചികിത്സക്കായി എത്തി, മണിക്കൂറികളോളം കാത്തിരുന്ന രോഗികളോട് ഫിലിമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഇത് സംഘർഷാവസ്ഥക്കിടയാക്കി. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. എക്സ്റേ യൂനിറ്റിനു മുന്നിലെത്തിയ സമയത്താണ് ഫിലിം തീര്‍ന്ന വിവരം രോഗികളെ അറിയിക്കുന്നത്. ഇത് നേരത്തെ അറിയിച്ചെങ്കിൽ സ്വകാര്യ ലാബിൽ പോയി എക്സറെ എടുക്കാമായിരുന്നുവെന്നും രോഗികൾ പറഞ്ഞു. രോഗികൾക്ക് പരാതി അറിയിക്കാനുള്ള ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ എന്നീ ഉത്തരവാദപ്പെട്ടവർ ലീവായതും അമർഷത്തിന് ഇടയാക്കി. അസിസ്റ്റന്റ് ആർ.എം.ഒ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
ഫിലിം തീരുന്നത് പതിവ്
ആശുപത്രിയിൽ ഫിലിം തീർന്ന് എക്സ്റേ മുടങ്ങുന്നത് പതിവാണ്. രോഗികൾ കൂടുതലെത്തുന്നത് കണക്കിലെടുക്കാതെ പരിമിതമായ തോതിൽമാത്രം ഫിലിം സൂക്ഷിക്കുന്നതാണ് പ്രശ്നത്തിനിടയാക്കുന്നത്. ആശുപത്രി ഭരണസമിതിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണമെന്നും രോഗികൾ കുറ്റപ്പെടുത്തുത്തുന്നു. ദിനംപ്രതി 2000ൽ അധികം രോഗികൾ ഒ.പിയിൽ ചികിത്സ തേടുന്ന ആശുപത്രിയിൽ 150 ഫിലിം അടങ്ങുന്ന ഒരു ബോക്സ് മാത്രമേ ദിനംപ്രതി എത്തുന്നുള്ളുവെന്നാണ് വിവരം. ഒരാഴ്ച മുമ്പ് ഭാഗികമായി കത്തിയതിനെ തുടർന്ന് പ്രവർത്തനം നിലച്ച എക്സ്റേ യൂനിറ്റ് ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്.
നൽകാനുള്ളത് ആറുമാസത്തെ കുടിശ്ശിക
ഫിലിം വിതരണം ചെയ്ത് വകയിൽ സ്വകാര്യ കമ്പനിക്ക് 18 ലക്ഷത്തോളം രൂപ ആശുപത്രിയിൽനിന്ന് നൽകാനുണ്ട്. അതിനാൽ സ്വകാര്യ കമ്പനി, റേഷൻ കണക്കെ വളരെ പരിമിതമായ നിരക്കിലാണ് ബീച്ച് ആശുപത്രിയിലേക്ക് ഫിലിം വിതരണം ചെയ്യുന്നത്. ആറു മാസത്തിലധികം ഫിലിം വിതരണം ചെയ്ത തുക കമ്പനിക്ക് കുടിശ്ശിക ലഭിക്കാനുണ്ടെന്നാണ് വിവരം. ദിനംപ്രതി എത്തുന്ന ഫിലിം ശനിയാഴ്ച എത്താതിരുന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്.
അസി. ആർ.എം.ഒയെ ഉപരോധിച്ചു
എക്സ്റേ ഫിലിം തീർന്നതോടെ ചികിത്സ മുടങ്ങിയ രോഗികൾ പ്രതിഷേധിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസി. ആർ.എം.ഒയെ ഉപരോധിച്ചു. അപകടത്തിൽപ്പെട്ട് എത്തുന്ന രോഗികൾക്ക് അത്യാവശ്യം വേണ്ട എക്സറെ യൂനിറ്റിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ ആശുപത്രി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. പി.പി. റമീസ്, പി.എം. ആഷിക്ക്, വസീം ചാലപ്പുറം, വി. ബസാം, എം. ഫവാസ്, ഷൗക്കത്തലി, സിനാൻ പള്ളിക്കണ്ടി എന്നിവർ നേതൃത്വം നൽകി. വൈകീട്ടോടെ ഡി.എം ആശുപത്രിയിലെത്തി സ്ഥിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.