തിരുവമ്പാടി: പ്രകൃതി ദുരന്ത ഭീഷണിയുള്ള കൂടരഞ്ഞി വില്ലേജിൽ കരിങ്കൽ ഖനനം നിയന്ത്രിക്കണമെന്ന് 2018ലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വില്ലേജ് ഓഫിസർ ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ച പഠന റിപ്പോർട്ടിൽ നടപടികളൊന്നുമുണ്ടായില്ല. 2018 സെപ്റ്റംബറിലും 2019 ആഗസ്റ്റിലും 2020 ഒക്ടോബറിലും മൂന്ന് റിപ്പോർട്ടുകളാണ് അന്നത്തെ കൂടരഞ്ഞി വില്ലേജ് ഓഫിസറായിരുന്ന യു. രാമചന്ദ്രൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ചത്.
ദുരന്ത നിവാരണ അതോറിറ്റി, സെന്റർ ഫോർ എർത്ത് സയൻസസ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ പഠന ശേഷമേ കൂടരഞ്ഞി വില്ലേജിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകേണ്ടതുള്ളൂവെന്ന് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. ഡിസ്ട്രിക്റ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ പ്രകാരം ഹൈ, മീഡിയ ദുരന്ത മേഖലയാണ് കൂടരഞ്ഞി വില്ലേജിന്റെ കിഴക്കൻ പ്രദേശങ്ങൾ. കൂമ്പാറ, ഉദയഗിരി, പുന്നക്കടവ് , പനക്കച്ചാൽ , ആനയോട് മല, കൽപ്പിനി, ആന കല്ലും പാറ, കക്കാടംപൊയിൽ, അകമ്പുഴ, കരിമ്പ്, മഞ്ഞ കടവ്, പെരുമ്പൂള പൂവാറം തോട്, മേടപ്പാറ, നായാടം പൊയിൽ പ്രദേശങ്ങൾ അതീവ പരിസ്ഥിതി ലോല പ്രദേശമാണെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
70 ഡിഗ്രി ചെരിവുള്ള മലകളാണ് കൂടരഞ്ഞിയിലെ കൂമ്പാറ, കക്കാടംപൊയിൽ, പൂവാറം തോട് പ്രദേശങ്ങളിലുള്ളത്. കൂമ്പാറ ജനസാന്ദ്രത കൂടിയ ജനവാസ മേഖലയാണ്. കുമ്പാറയിൽ മൂന്ന് കി.മീ ചുറ്റളവിൽ അഞ്ച് കരിങ്കൽ ക്വാറികളിലാണ് ഖനനം നടക്കുന്നത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന കൂമ്പാറ പുന്നക്കടവ്, ബദാം ചുവട്, ആനക്കല്ലുംപാറ പ്രദേശങ്ങളിലായാണ് അഞ്ച് ക്വാറികളുള്ളത്. ഏതാനും സെന്റ് സ്ഥലത്ത് ഖനനാനുമതി ലഭിച്ച ശേഷം ഏക്കർ കണക്കിന് സ്ഥലത്ത് ഖനനം തുടരുന്ന സാഹചര്യമാണുള്ളതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. കുമ്പാറ പുന്നക്കടവിലെ ചില ക്വാറികൾക്ക് വനാതിർത്തിയിൽ നിന്ന് 100 മീറ്റർ അകലം പോലുമില്ലെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. 2018ലെ ഉരുൾപൊട്ടലിന് ശേഷമാണ് കക്കാടംപൊയിൽ പിടികപാറയിലും കൂമ്പാറ ബദാം ചുവടിലും കരിങ്കൽ ക്വാറിക്ക് അനുമതി ലഭിച്ചത്.
കൂടരഞ്ഞിയിൽ കരിങ്കൽ ഖനനം നടന്ന സ്ഥലങ്ങളിലാണ് 2018ലും 2019ലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. കൂടരഞ്ഞി ടൗണിൽ നിന്ന് നാല് കി.മി മാത്രം അകലെയുള്ള കൽപ്പിനി മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് പിതാവും മകനും മരിച്ചിരുന്നു. 2018ൽ ചെറുതും വലുതുമായ 22ഓളം ഉരുൾപൊട്ടലുകളാണ് വില്ലേജിലെ വിവിധയിടങ്ങളിലായി നടന്നത്. 70 വീടുകൾ തകർന്നു. 1400 കുടുംബങ്ങളെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചു.
വ്യാപക കൃഷി നാശവുമുണ്ടായി. കൂമ്പാറ അങ്ങാടിക്ക് മുകൾ ഭാഗത്തെ മലയിൽനിന്ന് ഉരുൾപൊട്ടി ഒഴുകിയെത്തിയ മലവെള്ളം കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളിനും നാശം വിതച്ചിരുന്നു. 2018 ജൂണിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ നാച്വറോ പാർക്കിലും വൻ മണ്ണിടിച്ചിലുണ്ടായിരുന്നു. തുടർന്ന് അടച്ച് പൂട്ടിയ പാർക്കിലെ കുട്ടികളുടെ പാർക്ക് മാത്രം കഴിഞ്ഞ വർഷം ഹൈകോടതി അനുമതിയിലാണ് തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.