കുറ്റ്യാടി: ടൗണിനു സമീപം വയനാട് റോഡിലെ പഴയ ഐ.ടി.സി കെട്ടിടത്തിലെ മാലിന്യ ശേഖരത്തിന് തീപിടിച്ചുണ്ടായ വിഷപ്പുകയിൽ വലഞ്ഞ് കൊത്തങ്കോട്ടുകുന്നുകാർ. ജനസാന്ദ്രതയേറിയ പ്രദേശത്തെ നിരവധി വീട്ടുകാരും കെട്ടിടമുറികളിൽ താമസിക്കുന്നവരുമാണ് ദുർഗന്ധമുള്ള പുക ശ്വസിച്ച് ബുദ്ധിമുട്ടിയത്. ഗ്രാമപഞ്ചായത്തിൽനിന്ന് ശേഖരിച്ച ക്വിന്റൽ കണക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെയുള്ളത്. ഇവ തിങ്കളാഴ്ച രാത്രി കത്തിനശിച്ചിരുന്നു. നാലു മുറികളിൽ സൂക്ഷിച്ച മുഴുവൻ മാലിന്യങ്ങളും കത്തി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചൊവ്വാഴ്ച പുലർച്ച വരെ ശ്രമിച്ചാണ് തീയണച്ചത്. ടൗണിൽനിന്നും വീടുകളിൽനിന്നും ശേഖരിച്ച മാലിന്യങ്ങൾ സ്വകാര്യ ഏജൻസിയാണ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്. മാലിന്യം എടുത്തുമാറ്റണമെന്ന് പരിസരവാസികൾ പഞ്ചായത്തിലും ഗ്രാമസഭയിലും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷത്തിലേറെയായി. എന്നാൽ, നടപടിയുണ്ടായിട്ടില്ല. ദുർഗന്ധവും കൊതുകുശല്യവും സഹിച്ചാണ് നാട്ടുകാർ കഴിയുന്നത്.
ഇതിനിടെ, കത്തിയ മാലിന്യം ഐ.ടി.സി ഗ്രൗണ്ടിൽ കുഴിച്ചുമൂടാനുള്ള പഞ്ചായത്തിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. ജലസ്രോതസ്സുകളെ ബാധിക്കുമെന്ന ആശങ്കയാണ് വീട്ടമ്മമാരടക്കം രംഗത്തുവരാൻ കാരണം. കെട്ടിടത്തിലെ ബാക്കി നാലു മുറികളിൽ കൂടി സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങൾ ഉടൻ എടുത്തുമാറ്റണമെന്നും ഇല്ലെങ്കിൽ ഇവയുമായി പഞ്ചായത്ത് ഓഫിസിലേക്ക് താമസക്കാർ വരുമെന്നും നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വാർഡ് അംഗം എ.സി. അബ്ദുൽ മജീദ്, മെംബർ ഹാഷിം നമ്പാട്ടിൽ, കോൺഗ്രസ് ഭാരവാഹികളായ പി.കെ. സുരേഷ്, ശ്രീജേഷ് ഊരത്ത് എന്നിവർ സ്ഥലത്തെത്തി. ശനിയാഴ്ചക്കകം കത്തിയ മാലിന്യങ്ങൾ നീക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. മറ്റു മുറികളിൽ കത്താതെ ബാക്കിയുള്ള മാലിന്യങ്ങൾ ഹരിതസേനക്കാർ എത്തി തരംതിരിച്ച് കയറ്റിക്കൊണ്ടുപോകുമെന്നും അറിയിച്ചു. മാലിന്യം റീസൈക്ലിങ് ചെയ്യുന്ന സ്വകാര്യ ഏജൻസി പ്രവർത്തനം നിലച്ചതാണ് മാലിന്യം കയറ്റിപ്പോകാത്തതിന് കാരണമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.