കോഴിക്കോട്: ജില്ലയിൽ നന്മണ്ടയിലും കുന്ദമംഗലത്തും ഫറോക്കിലും പി.പി.ഇ കിറ്റ് ധരിച്ചെത്തി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് അംഗം അഭിൻ രാജ് കോവിഡ് സമ്പർക്കപ്പട്ടികയിൽ പെട്ടതിനെ തുടർന്ന് നിരീക്ഷണത്തിലായതിനാലും കുന്ദമംഗലം േബ്ലാക്ക് പഞ്ചായത്തിൽ കുമാരനെല്ലൂർ ഡിവിഷനിൽനിന്ന് സി.പി.എം സ്വതന്ത്രയായി വിജയിച്ച രാജിത മൂത്തേടത്തുമാണ് പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. നന്മണ്ടയിൽ 16 വാർഡിലെയും സ്ഥാനാർഥികൾ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തശേഷം അവസാനമായാണ് അഭിൻ രാജ് പ്രതിജ്ഞ ചൊല്ലാനെത്തിയത്. സ്വയം കാറോടിച്ച് വന്നാണ് ചടങ്ങിൽ പങ്കെടുത്തത്.
ഭരണ സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ അഭിൻ രാജ് ആറാം വാർഡായ കുന്നത്തെരുവിൽനിന്ന് 181 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കുന്ദമംഗലത്ത് എല്ലാ അംഗങ്ങളുടെയും പ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് രാജിത േബ്ലാക്ക് ഹാളിലെത്തിയത്. എം.എ. സൗദ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫറോക്ക് നഗരസഭ ഒന്നാം ഡിവിഷനിൽനിന്ന് വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധി കെ. കുമാരെൻറ മൂത്ത മകന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇദ്ദേഹം ക്വാറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച പത്തരയോടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിനു സമീപം കുമാരൻ വന്നിരുന്നു.
ക്വാറൻറീനിൽ കഴിയുന്നതിനാൽ അകത്തേക്ക് പ്രവേശിച്ചില്ല. ഓഡിറ്റോറിയത്തിെൻറ പിറകുവശത്തുനിന്നു നഗരസഭ അധികൃതർ നൽകിയ പി.പി.ഇ കിറ്റ് ധരിച്ചു നിന്നു. 37 കൗൺസിലർമാരും സത്യപ്രതിജ്ഞ ചൊല്ലിയതിനു ശേഷമാണ് കെ. കുമാരൻ സ്റ്റേജിലേക്ക് കയറിയത്. പ്രതിജ്ഞ ചൊല്ലി കഴിഞ്ഞ് അദ്ദേഹം ഉടനെ തന്നെ വീട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.