കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ മരവ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലായി മേഖലയെ വീണ്ടും തളർത്തി കോവിഡ് പ്രതിസന്ധി. മരങ്ങളുടെ വരവ് കുറഞ്ഞ് വിവിധ പ്രശ്നങ്ങളാൽ ക്ഷയിച്ച മേഖല പുതിയ പ്രതിസന്ധിയിൽ ആടിയുലയുകയാണ്. മൂന്നാഴ്ചയോളമായി അടച്ചിട്ടതിനാൽ അയൽസംസ്ഥാന ഓർഡറുകൾ നഷ്ടപ്പെട്ടതായി കല്ലായി ഇൻഡസ്ട്രിയൽ ഏരിയ വെൽഫെയർ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. കരാർപ്രകാരം പൂർണമായി മരം അയക്കാനാവാതെ ലക്ഷക്കണക്കിന് രൂപ കിട്ടാക്കടമായി മാറുന്ന സ്ഥിതിയാണ്. മൂന്നു തവണയായി കല്ലായ് മേഖലയിൽ അടച്ചുപൂട്ടലുണ്ടായി.
ഈസ്റ്റ് കല്ലായി, മൂരാട്, വെസ്റ്റ് കല്ലായി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മുഖ്യമായി കച്ചവടം നടക്കുന്നത്. ചെെന്നെ, മുംബൈ, പുെണ തുടങ്ങിയ ഭാഗത്തേക്കാണ് മരങ്ങൾ പ്രധാനമായി കയറ്റിേപ്പാവുന്നത്. ജനൽ, കട്ടില തുടങ്ങിയവക്ക് മരങ്ങൾ സമയത്തിന് കിട്ടിയില്ലെങ്കിൽ നിർമാണ മേഖലയിലും തിരിച്ചടിയാണ്. വനനിയമങ്ങൾ കർശനമാക്കി നിയന്ത്രണങ്ങൾ വന്നതോടെ വിദേശത്തുനിന്ന് കല്ലായിയിലേക്ക് ധാരാളം മരങ്ങൾ വരുന്നുണ്ട്. കടകൾ അടഞ്ഞതോടെ എല്ലാം മുടങ്ങി. കോവിഡ് മാനദണ്ഡം പാലിച്ച് സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുമെന്ന് കല്ലായി ഇൻഡസ്ട്രിയൽ ഏരിയ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് കളത്തിങ്ങൽ ഇസ്ഹാഖ് അറിയിച്ചു. ലോകത്ത് രണ്ടാമത്തെ തടിവ്യവസായ കേന്ദ്രമായിരുന്ന പുഴയോരത്ത് ആളൊഴിഞ്ഞിട്ട് കാലമേറെയായി.
വൻ തടികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ വലിയ മരത്തെരപ്പുകൾ ഓർമകളായി. മരങ്ങൾ പോയതോടെ മാലിന്യവും ചളിയും നിറഞ്ഞ് അഴിമുഖമടഞ്ഞ പുഴയിൽ ഒഴുക്കും ഓളങ്ങളും അടങ്ങി. അന്ന് മരക്കച്ചവടത്തോടൊപ്പം പുഴയും നിറഞ്ഞൊഴുകിയിരുന്നു. ഏറ്റവും വീതികൂടിയ പള്ളിക്കണ്ടി ഭാഗത്ത് 400 മീറ്റർ വരെ വീതിയുണ്ടായിരുന്ന പുഴക്ക് ആ ഭാഗത്തുള്ള ഇപ്പോഴത്തെ വീതി 100 മീറ്ററോളം മാത്രം. 250ലേറെ ഈർച്ചമില്ലുകളുടെ സ്ഥാനത്ത് 50ൽ താഴെ മാത്രം മില്ലുകളാണുള്ളത്. പഴയ മില്ലുകൾ മിക്കതും വിവിധ ആവശ്യങ്ങൾക്കുള്ള ഗോഡൗണുകളായി മാറി. മൂവായിരത്തിലേറെ പേർ ദിവസം തൊഴിലെടുത്ത കല്ലായി മരമേഖലയിൽ ബാക്കിയായത് 500ൽ താഴെ തൊഴിലാളികൾ മാത്രം. ഫർണിച്ചറും കടത്തും മറ്റുമായി മേഖലയുമായി ബന്ധപ്പെട്ട് 500ഓളം പേർ േവറെയും അന്നംതേടുന്നു. കോഴിക്കോടിെൻറ പൈതൃകമായിരുന്ന വ്യവസായം പിടിച്ചുനിർത്താൻ പദ്ധതികൾ വരുമെന്ന വാഗ്ദാനങ്ങളെല്ലാം ഇന്നും കടലാസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.