കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഏപ്രില്‍ 24ന് വൈകീട്ട് ആറു മണിക്ക് അവസാനിക്കുമെന്നും എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിർദേശം നൽകി. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ.
ഈ സമയത്ത് നിയമവിരുദ്ധമായി ആളുകള്‍ കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുകയോ ജാഥകളോ പ്രകടനങ്ങളോ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള പരിപാടികള്‍, അഭിപ്രായ സര്‍വേ, എക്സിറ്റ് പോള്‍ തുടങ്ങിയവ പാടില്ല. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കും.
ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയംമുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയുംവരെയാണ് എക്സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊലീസിന്റെയും വിവിധ സ്ക്വാഡുകളുടെയും കര്‍ശന പരിശോധന തുടരും.
വാഹന പരിശോധനയും കര്‍ശനമാക്കും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്കല്, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ ആയതിനാല്‍ ഈ സമയത്ത് മദ്യവിതരണമോ വില്പനയോ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിന് പുറത്തുനിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് പരസ്യ പ്രചാരണ സമയം അവസാനിച്ചശേഷം മണ്ഡലത്തില്‍ തുടരാന്‍ അനുവാദമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അന്തിമ അവലോകനത്തിനായി നോഡല്‍ ഓഫിസര്‍മാരുടെ യോഗം കലക്ടറുടെ ചേംബറില്‍ നടന്നു. ശക്തമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൂത്തുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് തണലൊരുക്കുന്നതിനായി പന്തലുകള്‍ സജ്ജീകരിക്കാന്‍ കലക്ടര്‍ നിർദേശം നല്കി. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
വോട്ടെടുപ്പ് ദിവസമുണ്ടാകുന്ന പരാതികള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കാണുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക കോള്‍ സെന്റര്‍ സ്ഥാപിക്കാനും കലക്ടര്‍ നിർദേശം നല്കി. യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, അസി. കലക്ടര്‍ പ്രതീക് ജയിന്, വടകര മണ്ഡലം വരണാധികാരി കൂടിയായ എ.ഡി.എം കെ. അജീഷ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി. മോഹന്‍, നോഡല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.