കോഴിക്കോട്: 2011 ആഗസ്റ്റ് 18ന് മുഖ്യമന്ത്രിയായിരിക്കെയാണ് ഉമ്മൻ ചാണ്ടി കാബിനറ്റ് അംഗങ്ങളോടൊപ്പം കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എത്തിയത്. മുഖ്യമന്ത്രിയും 19 മന്ത്രിമാരും അച്ചടക്കമുള്ള വിദ്യാർഥികളായി ക്ലാസിലിരുന്നു. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ സാധ്യതകൾ എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിൽ തന്റേയും മറ്റ് അധ്യാപകരുടേയും ക്ലാസുകൾ ഏറെ താൽപര്യത്തോടെയാണ് അന്ന് ഉമ്മൻ ചാണ്ടി ശ്രവിച്ചതെന്ന് ഡയറക്ടർ ദേബാശിഷ് ചാറ്റർജി ഓർക്കുന്നു. ഒമ്പത് മണിക്ക് തുടങ്ങേണ്ട ക്ലാസിന് സമയത്തിന് മുമ്പേ എത്തി കാത്തിരുന്ന് ഉമ്മൻ ചാണ്ടി മാതൃകയായി. ക്ലാസ് കഴിയുന്നതുവരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാനും അദ്ദേഹം മന്ത്രിമാർക്ക് നിർദേശം നൽകി.
10 മണിക്കൂർ നീണ്ടുനിന്ന ആർക്കും ബോറടി തോന്നാവുന്ന മാനേജ്മെന്റ് ക്ലാസിൽ ഒട്ടും മുഷിപ്പില്ലാതെ ഇരുന്നു അന്നത്തെ മുഖ്യമന്ത്രി. അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് തന്റെ ഇത്രയും കാലത്തെ പ്രവർത്തനത്തിനിടയിലെ ഏറ്റവും അമൂല്യമായ വാക്കുകളായി ഓർമിച്ചെടുക്കുകയാണ് ദേബാശിഷ്. ‘പത്ത് മണിക്കൂറുകൾ കൊണ്ട് കേരളത്തിന് ഇത്രയേറെ അറിവുകൾ പ്രദാനംചെയ്ത മറ്റൊരു ദിവസം ഉണ്ടെന്ന് തോന്നുന്നില്ല’ - ഉമ്മൻ ചാണ്ടി പറഞ്ഞു.
നയരൂപവത്കരണം, പൊതുധനകാര്യവും ഭരണപരമായ തന്ത്രങ്ങളും എന്നീ വിഷയങ്ങളിലാണ് സംസ്ഥാന കാബിനറ്റിന് ഇക്കാലത്ത് ഐ.ഐ.എം പരിശീലനം നൽകിയത്. നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന്റെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയുടെ പേര് ‘ഗിഫ്റ്റ്’ (ഗവേണൻസ് ഇൻസൈറ്റ് ഫോർ ട്രാൻസ്ഫോർമേഷൻ) എന്നായിരുന്നു.
അന്ന് ദേബാശിഷ് ചാറ്റർജി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഒരു നിർദേശം മുന്നോട്ടുവെച്ചു. ‘കാബിനറ്റ് യോഗങ്ങൾ എഴുന്നേറ്റുനിന്ന് നടത്തുക. അതുവഴി കാബിനറ്റ് അംഗങ്ങളുടെ തലച്ചോറിൽ, ഇരുന്ന് നടത്തുന്ന യോഗങ്ങളെ അപേക്ഷിച്ച് 20 ശതമാനം കൂടുതൽ രക്തചംക്രമണം ഉണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുക്കാനുള്ള ശേഷി വേഗത്തിലാകുകയും ചെയ്യും’. ഉമ്മൻ ചാണ്ടി വളരെ രസകരമായാണ് ഇതിനോട് പ്രതികരിച്ചത്. ‘കാബിനറ്റ് അംഗങ്ങളോട് അങ്ങോട്ടുചെന്ന് സംസാരിക്കുമ്പോൾ ഞാനും അവരും നിന്നാണ് സംസാരിക്കാറുള്ളത്’. അതുകേട്ട് എല്ലാവരും ചിരിച്ചു. ഈ നർമം തന്നെയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയതെന്ന് മറുപടി നൽകി ദേബാശിഷ്. ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ നർമവും ഹൃദയ വിശാലതയും ആരെയും ആകർഷിക്കുന്നതാണെന്ന് ഐ.ഐ.എം ഡയറക്ടർ ദേബാശിഷ് ചാറ്റർജി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.