വടകര: മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക്പോസ്റ്റ് വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവിസ് റോഡ് നിർമിക്കും. കെ. മുരളീധരൻ എം.പിയുടെ അടിയന്തര ഇടപെടലിന്റെ ഭാഗമായാണ് ദേശീയപാത അതോറിറ്റി രേഖാമൂലം അറിയിച്ചത്. ടോൾ പ്ലാസ സ്ഥാപിക്കുന്നതിനാൽ ഇവിടെ സർവിസ് റോഡ് അനുവദിക്കാൻ കഴിയില്ലെന്ന് ദേശീയപാത അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
സർവിസ് റോഡ് ഇല്ലാത്തതിൽ പ്രതിഷേധം ഉയർന്നതോടെ ദേശീയപാത പ്രോജക്ട് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും സ്ഥലത്തെത്തി വിഷയം പഠിച്ചിരുന്നു. യാത്രാക്ലേശം പരിഹരിക്കാൻ സർവിസ് റോഡോ മറ്റു ബദൽ സംവിധാനമോ ഏർപ്പെടുത്തുമെന്ന് എം.പി, എം.എൽ.എ, ജനപ്രതിനിധികൾ എന്നിവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർവിസ് റോഡ് നിർമിക്കാൻ തിരുമാനിച്ചത്.
ദേശീയപാത അതോറിറ്റിയുടെ നടപടിയെ മുക്കാളി സർവിസ് റോഡ് ആക്ഷൻ കമ്മിറ്റി കൺവീനർ എ.ടി. മഹേഷ്, ദേശീയപാത കർമസമിതി സംസ്ഥാന നിർവാഹക സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ് എന്നിവർ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.