വടകര: വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. 35 വീടുകൾ പൂർണമായും 60 വീടുകൾ ഭാഗികമായും തകർന്നു. 300 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഹെക്ടർ കണക്കിന് കൃഷിനാശവും പൊതുമരാമത്ത് റോഡും ഗ്രാമീണ റോഡുകളും തകർന്നു.
ഈ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് ജില്ല പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ, സമിതി അംഗം പി. സുരേഷ് ബാബു എന്നിവർ ആവശ്യപ്പെട്ടു. രണ്ടുദിവസമായി വടകര നഗരസഭയിൽ കേടായിക്കിടക്കുന്ന ജനറേറ്റർ മാറ്റണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വൈദ്യുതി മടങ്ങുന്നതോടെ ജനറേറ്ററിന്റെ അഭാവംമൂലം സേവനങ്ങൾ മുടങ്ങുന്നതായി സമിതിയംഗം പ്രദീപ് ചോമ്പാല ഉന്നയിച്ചു. കുടിവെള്ള പൈപ്പുകൾ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൊട്ടുന്നത് പതിവായിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രശ്നത്തിന് പരിഹാരം വേണമെന്ന് വികസന സമിതി അംഗം പി.പി. രാജൻ പറഞ്ഞു. ഏകോപനത്തിന്റെ അഭാവത്തിൽ തോന്നിയതുപോലെ ദേശീയ നിർമാണ കമ്പനി പ്രവൃത്തി നടത്തുന്നത് ജല അതോറിറ്റിക്ക് വൻ നഷ്ടം വരുത്തുന്നതായി വകുപ്പ് പ്രതിനിധി യോഗത്തിൽ പറഞ്ഞു. വടകര പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ പൊട്ടിയ സ്ലാബുകൾ മാറ്റണമെന്നും സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയർന്നു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ്, തഹസിൽദാർ ഡി. രഞ്ജിത്ത്, സമിതി അംഗം ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, പ്രദീപ് ചോമ്പാല, പി.പി. രാജൻ, ടി.എം. മുസ്തഫ, ടി.വി. ഗംഗാധരൻ, ബാബു പറമ്പത്ത്, സി.കെ. കരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.