വിലങ്ങാട്: മലയോരത്തെ പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലിൽ അശാസ്ത്രീയമായ പാലങ്ങളുടെ നിർമാണം നാശനഷ്ടം ഇരട്ടിക്കാനിടയാക്കി. എട്ടു പാലങ്ങളാണ് മേഖലയിൽ തകർന്നത്. നാല് പാലങ്ങൾ പൂർണമായും ഉരുളെടുത്തു. മുച്ചങ്കയം, മഞ്ഞച്ചീളി, വായാട്, വിലങ്ങാട് ടൗൺപാലം, ഉരുട്ടി പാലം അപ്രോച്ച്, മഞ്ഞച്ചീളി ചെറിയചീളി, ഉരുട്ടി മുണ്ടോങ്കണ്ടം അപ്രോച്ച് തുടങ്ങിയ പാലങ്ങളാണ് തകർന്നത്. പാലങ്ങളുടെ ഉയരക്കുറവ്, അപ്രോച്ച് റോഡുകളുടെ അഭാവം, വീതിക്കുറവ് എന്നിവ ഇരച്ചെത്തിയ വെള്ളത്തിന് കടന്നുപോകാൻ കഴിയാതെവന്നതാണ് പാലങ്ങളുടെയും പ്രധാന റോഡുകളുടെതടക്കമുള്ള തകർച്ചക്കിടയാക്കിയത്. വിലങ്ങാട് ടൗണിനോട് ചേർന്ന പാലം ഉയർത്തി അപ്രോച്ച് റോഡ് നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വർഷംതോറും പാലത്തിൽ വെള്ളം കയറിയുള്ള നാശനഷ്ടം പതിവാണ്. പാലത്തിന്റെ ഉയരക്കുറവ് കടകളുടെ പിൻഭാഗം പൂർണമായും പുഴയെടുക്കുകയുണ്ടായി. കോൺക്രീറ്റ് ഭിത്തികൾക്ക് പകരം കരിങ്കല്ലുകൾകൊണ്ട് കെട്ടി ഉയർത്തിയതാണ് തകർച്ചക്കിടയാക്കിയത്.
വിലങ്ങാട് സെന്റ് ജോർജ് പള്ളിക്ക് മുൻവശത്ത് ലക്ഷങ്ങൾ ചെലവിട്ട് ഒരു വർഷം മുമ്പ് കെട്ടിയ റോഡിനോട് ചേർന്ന ഭാഗമാണ് തകർന്നത്. ഈ ഭാഗങ്ങളിലും കോൺക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കുന്നതിന് പകരം കരിങ്കല്ല് ഉപയോഗിച്ചുള്ള സാധാരണ നിർമാണമാണ് നടത്തിയത്. ഇവിടങ്ങളിൽ സംരക്ഷണ ഭിത്തി പുനർനിർമിക്കുമ്പോൾ കോൺക്രീറ്റ് ഭിത്തി നിർമിച്ചാലേ ശാശ്വത പരിഹാരമാവുകയുള്ളൂ. സ്ഥലത്തിന്റെ ഘടന മനസ്സിലാക്കാതെ എസ്റ്റിമേറ്റ് എടുത്ത് നിർമാണങ്ങൾ നടത്തുന്നതാണ് ദീർഘകാലം നിലനിൽക്കേണ്ട പാലങ്ങളും റോഡുകളും തകരാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
മഞ്ഞച്ചീളിയിൽനിന്ന് പടിഞ്ഞാറ് മാറി 15 വീടുകളിലേക്കുള്ള റോഡ് പൂർണമായും ഒഴുകിപ്പോയതിനാൽ കുടുംബങ്ങൾക്ക് വീടുകളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. ഇതിന് ശാശ്വത പരിഹാരം അത്യാവശ്യമാണ്. പാനോം വനമേഖലയോട് ചേർന്ന് കിടക്കുന്നവരെ വിലങ്ങാട് കെ.എസ്.ഇ.ബി റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയാൽ പുറംലോകവുമായി ബന്ധിപ്പിക്കാൻ കഴിയും. ഒലിച്ചുപോയ മുച്ചങ്കയം പാലത്തിന് പകരം പുതിയ പാലം നിർമിക്കുന്നതിന് മുമ്പ് ഇരുമ്പ് പാലമെങ്കിലും സജ്ജമാക്കിയാലേ കോളനി വാസികൾക്ക് ടൗണുകളിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ. നിലവിൽ താൽക്കാലിക പാലം പണിതിട്ടുണ്ടെങ്കിലും കുത്തിയൊലിക്കുന്ന പുഴയിൽ അപകടം പതിയിരിക്കുന്നതിനാൽ ശാശ്വത പരിഹാരമല്ല.
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ മന്ത്രി മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. വയനാട്ടിൽ നിന്നും 11ഓടെ വിലങ്ങാടെത്തിയ മന്ത്രി ആദ്യം തകർന്ന ഉരുട്ടി പാലത്തെത്തിയ ശേഷം വിലങ്ങാട് ടൗണിലുമെത്തി. ദുരന്തത്തിൽ നിരവധി വീടുകൾ തകർന്ന മഞ്ഞച്ചീള് ഭാഗത്തെ ദുരന്തബാധിത സ്ഥലങ്ങൾ നേരിൽ കണ്ടു. ഉരുൾപൊട്ടലിൽ മരണമടഞ്ഞ മാത്യു മാഷിന്റെ വീട്ടിൽ എത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മുച്ചങ്കയം ഭാഗത്തെ തകർന്ന പാലവും അദ്ദേഹം സന്ദർശിച്ചു.
ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി താമസക്കാരുമായി ആശയവിനിമയം നടത്തി. ഷാഫി പറമ്പിൽ എം.പി. ഇ.കെ. വിജയൻ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, വി.പി. കുഞ്ഞികൃഷ്ണണൻ, പി.പി. ചാത്തു, രജീന്ദ്രൻ കപ്പള്ളി, സൽമ രാജു, വി.കെ. മൂസ എന്നിവർ മന്ത്രിയെ അനുഗമിച്ചു. തകർന്ന ഉരുട്ടി പാലം അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി വിലങ്ങാട് ടൗണിൽ നിലച്ച വാഹന ഗതാഗതം പുന:സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഉടൻ തന്നെ കലക്ടർക്ക് നിർദേശം നൽകി.
നാദാപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്ക് ആശ്വാസ സഹായവുമായി ഷാഫി പറമ്പിൽ എം.പി വിലങ്ങാട്ടെത്തി. ദുരിതബാധിതർക്കായി ആയിരം ഭക്ഷ്യക്കിറ്റുകൾ അദ്ദേഹം വിലങ്ങാട്ടെത്തിച്ചു. ഉരുട്ടി കുമ്പളച്ചോല റോഡിൽ മന്ത്രി മുഹമ്മദ് റിയാസ് കിറ്റുകൾ കൈമാറി. വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാദർ വിൻസന്റ് മുട്ടത്തു കുന്നേൽ ഏറ്റുവാങ്ങി. കോൺഗ്രസ് നേതാക്കളായ പി.കെ. ഹബീബ്, രവീഷ് വളയം, മുത്തലിബ് വാണിമേൽ തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ മന്ത്രി മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. വയനാട്ടിൽ നിന്നും 11ഓടെ വിലങ്ങാടെത്തിയ മന്ത്രി ആദ്യം തകർന്ന ഉരുട്ടി പാലത്തെത്തിയ ശേഷം വിലങ്ങാട് ടൗണിലുമെത്തി. ദുരന്തത്തിൽ നിരവധി വീടുകൾ തകർന്ന മഞ്ഞച്ചീള് ഭാഗത്തെ ദുരന്തബാധിത സ്ഥലങ്ങൾ നേരിൽ കണ്ടു. ഉരുൾപൊട്ടലിൽ മരണമടഞ്ഞ മാത്യു മാഷിന്റെ വീട്ടിൽ എത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മുച്ചങ്കയം ഭാഗത്തെ തകർന്ന പാലവും അദ്ദേഹം സന്ദർശിച്ചു.
ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി താമസക്കാരുമായി ആശയവിനിമയം നടത്തി. ഷാഫി പറമ്പിൽ എം.പി. ഇ.കെ. വിജയൻ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, വി.പി. കുഞ്ഞികൃഷ്ണണൻ, പി.പി. ചാത്തു, രജീന്ദ്രൻ കപ്പള്ളി, സൽമ രാജു, വി.കെ. മൂസ എന്നിവർ മന്ത്രിയെ അനുഗമിച്ചു. തകർന്ന ഉരുട്ടി പാലം അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി വിലങ്ങാട് ടൗണിൽ നിലച്ച വാഹന ഗതാഗതം പുന:സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഉടൻ തന്നെ കലക്ടർക്ക് നിർദേശം നൽകി.
നാദാപുരം: ഉരുൾപൊട്ടൽ വ്യാപക നാശംവിതച്ച വിലങ്ങാട് ആനയിറങ്ങി മലയിൽ തകർന്ന കളത്തിങ്കൽ ജോൺസന്റെ വീടിന് സമീപം ഒറ്റക്ക് ആരെയോ പരതുന്ന വളർത്തുനായ് നൊമ്പരക്കാഴ്ചയായി. ജോൺസണും കുടുംബവും ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മറ്റെവിടെയോ മാറിത്താമസിക്കുകയാണ്. ഇതോടെ നായ് ഇവിടെ തനിച്ചായി. ഭക്ഷണം നൽകാനോ പരിചരണത്തിനോ മറ്റാരുമില്ല. സമീപത്ത് വീട്ടിലെ പത്തോളം കോഴികൾ ചത്തുകിടപ്പുണ്ടെങ്കിലും ഒന്നിനെപ്പോലും ഭക്ഷണമാക്കാൻ നായ് തയാറായിട്ടില്ല. ഏതോ അപകട മുന്നറിയിപ്പായി പ്രത്യേക ശബ്ദമുണ്ടാക്കി നായ് മണ്ണിൽ എന്തോ പരതുകയാണ്. സമീപത്തെ തകർന്ന പന്നിഫാമിലേക്കുള്ള റോഡിലെ തടസ്സം നീക്കുന്ന ഏതാനും തൊഴിലാളികൾ മാത്രമാണ് മലമുകളിൽ ഉള്ളത്.
നാദാപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതം പേറുന്ന വിലങ്ങാട് നിവാസികൾക്ക് ഉരുട്ടി പാലത്തിലെ നിയന്ത്രണം കൂടുതൽ പ്രയാസമാകുന്നു. അത്യാവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷാമം ആരംഭിച്ചു. കടകളിലൊന്നും ആവശ്യത്തിന് സാധനങ്ങളില്ല. ഉരുൾപൊട്ടലിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു ഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതോടെ പാലം അടച്ചിടാൻ നടപടി സ്വീകരിക്കുകയായിരുന്നു. സ്ഥലത്ത് ബാരിക്കേഡും പൊലീസിനെയും നിയോഗിച്ചിരിക്കുകയാണ്.
പാലത്തിന് മറുഭാഗത്ത് വാഹനങ്ങൾ നിർത്തി കിലോമീറ്റർ നടന്നാണ് വിലങ്ങാടും പരിസരത്തും താമസിക്കുന്നവർ അവരുടെ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നത്. മൂന്നു പാലങ്ങളാണ് വിലങ്ങാട് ടൗണിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത്. ഇതിൽ ടൗൺപാലം പൂർണമായും തകർന്നു തരിപ്പണമായി. പാലത്തിലെ നിയന്ത്രണം വ്യാപാര മേഖലയിൽ കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. പല സ്ഥാപനങ്ങളിലെയും കച്ചവട വസ്തുക്കൾ വെള്ളം കയറി പൂർണമായി നശിച്ചു. കഴിഞ്ഞ ദിവസം കടകളും ടൗണും സന്നദ്ധ പ്രവർത്തകർ വൃത്തിയാക്കി പ്രവർത്തന സജ്ജമാക്കിയിരുന്നു. ഇതോടെയാണ് ടൗൺ സജീവതയിലേക്ക് വരാൻ തുടങ്ങിയത്. എന്നാൽ, വാഹനങ്ങൾക്ക് പാലങ്ങളുടെ തകർച്ച കാരണം ചരക്കുകളുമായി കടകളിലേക്ക് വരാൻ കഴിയാത്ത നിലയിലാണ്.
ഇത് നാട്ടുകാർക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുന്നതിനാൽ ആളുകൾ ഏറെ ബുദ്ധിമുട്ടുകയാണ്. ചരക്ക് വാഹനങ്ങൾക്ക് മാത്രം ടൗണിലേക്ക് വരുന്നതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെട്രോൾ പമ്പിന് സമീപത്തെ ഇടുങ്ങിയ പാലത്തിന്റെ അടിഭാഗത്തെ സ്ലാബുകൾക്ക് കേടുപറ്റി വലിയ വാഹനങ്ങൾ കടന്നു പോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതു വഴിയാണ് എല്ലാ ചെറുവാഹനങ്ങളും ഇപ്പോൾ കടത്തിവിടുന്നത്. പാലം അടച്ചത് സമീപസ്ഥലത്ത് താമസിക്കുന്നവർക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. പാലത്തിൽ നിന്നും നോക്കിയാൽ വീടു കാണുന്നവർ കിലോമീറ്ററുകൾ താണ്ടണം. ഇതിന്റെ പേരിൽ പൊലീസുമായി വാക്കേറ്റവും നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.