കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ എല്ലായിടത്തും അയഞ്ഞിട്ടും ഇപ്പോഴും തുറക്കാത്ത മാനാഞ്ചിറ സ്ക്വയറിൽ ഞായറാഴ്ച സന്ദർശകർ കയറി. ശിശുദിന ദിവസം കൂടിയായിരുന്ന ഞായറാഴ്ച കുട്ടികളുടെ കളിയും ചിരിയും വീണ്ടും മാനാഞ്ചിറ മൈതാനത്തുയർന്നു.
കോർപറേഷൻ ഔദ്യോഗികമായി തുറന്നു കൊടുത്തില്ലെങ്കിലും അവധി ദിവസം പുറത്തിറങ്ങിയവരിൽ ചിലർ മതിൽ ചാടി അകത്ത് കയറുകയായിരുന്നു. കോംട്രസ്റ്റ് ഭാഗത്തെ കവാടത്തിന് സമീപത്തെ ഉയരം കുറഞ്ഞ മതിലാണ് മിക്കയാളുകളും ചാടിക്കയറിയത്. അറ്റകുറ്റപ്പണി തുടരുന്ന തൊട്ടടുത്ത അൻസാരി പാർക്കിലേക്ക് സാധനങ്ങൾ എത്തിക്കാൻ താൽക്കാലികമായി തുറന്ന ബി.ഇ.എം സ്കൂൾ ഭാഗത്തെ പുതിയ കവാടം വഴിയും കുറെപേർ അകത്തെത്തി.
മരത്തണലുകളിലും ഇരിപ്പിടങ്ങളിലും പുൽത്തകിടിയിലുമെല്ലാം ആളുകളുടെ ആരവം. ഒഴിവുദിവസം ദൂരദിക്കിൽ നിന്നെത്തിയവരിൽ മതിൽ ചാടാൻ മടിച്ച നിരവധി പേർ അടച്ചിട്ട കവാടത്തിന് മുന്നിൽ നിരാശരായി മടങ്ങി. നഗരത്തിലെത്തി ബീച്ചും സരോവരവുമെല്ലാം സന്ദർശിച്ച് മാനാഞ്ചിറ സ്ക്വയർ കൂടി കാണാനെത്തിയതായിരുെന്നന്ന് അടച്ച ഗേറ്റിന് മുന്നിലെത്തി മടങ്ങിയ പുളിക്കൽനിന്ന് കോഴിക്കോട്ടെത്തിയ കുടുംബം പ്രതികരിച്ചു.
നഗരത്തിലെ വിനോദ കേന്ദ്രങ്ങളിലെല്ലാം പ്രവേശനമായെങ്കിലും മാനാഞ്ചിറ സ്ക്വയർ മാത്രമാണ് ഇനിയും സന്ദർശകർക്കായി തുറക്കാത്തത്. ജില്ല സ്േപാർട്സ് കൗൺസിൽ മാനാഞ്ചിറ മൈതാനത്ത് പണിത ഓപൺ ജിംനേഷ്യത്തിൽ മാത്രമാണ് ഇപ്പോൾ രാവിലെ പ്രവേശനം.
മാനാഞ്ചിറ സ്ക്വയറും അതോട് ചേർന്ന അൻസാരി പാർക്കിലെ കുട്ടികളുടെ ലിറ്റററി പാർക്കും അടച്ചിരിക്കയാണ്. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കടപ്പുറവും സരോവരം ജൈവോദ്യാനവുമെല്ലാം തുറന്നിട്ടും മാനാഞ്ചിറ മാത്രം തുറക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഒക്ടോബറിൽ നവീകരണം കഴിഞ്ഞ് തുറന്ന സ്ക്വയർ കോവിഡ് രൂക്ഷമായതോടെ ഡിസംബറിലാണ് പിന്നെയും അടച്ചത്. വിനോദ സഞ്ചാര വകുപ്പിെൻറ 1.7 കോടിയും കേന്ദ്രാവിഷ്കൃത അമൃത് പദ്ധതിയിൽ 80 ലക്ഷവും നഗരസഭ ഫണ്ടും ഉപയോഗിച്ചായിരുന്നു നവീകരണം.
മാനാഞ്ചിറ സ്ക്വയറിൽ പുൽത്തകിടിയുടെയും മറ്റും നവീകരണം നടക്കുന്നതിനാലാണ് കോവിഡിന് ശേഷം തുറക്കാത്തതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. അടുത്ത ദിവസംതന്നെ സ്ക്വയർ തുറക്കും. പുൽത്തകിടിയും മറ്റും പൂർണമായി സജ്ജമായിവരുകയാണ്. അൻസാരി പാർക്കിലെ ലിറ്റററി പാർക്കിലും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.