കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലുണ്ടായ വിഷയങ്ങൾ കൈകാര്യം ചെയ്തതിൽ പാർട്ടി നേതൃത്വത്തിന് വലിയ വീഴ്ചയുണ്ടായതായി ജില്ല സമ്മേളനത്തിൽ വിമർശനം. കുറ്റ്യാടി ഉൾപ്പെടുന്ന കുന്നുമ്മൽ ഏരിയ കമ്മിറ്റിക്ക് പുറത്തുള്ളവരാണ് വിമർശനം ഉന്നയിച്ചത്. ജില്ല സെക്രട്ടറി പി. മോഹനൻ അവതരിപ്പിച്ച റിപ്പോർട്ടിൽ തന്നെ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടു നൽകിയതിനെതിരെ പ്രകടനം നടത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത് ചില നേതാക്കളുടെ മാനസിക പിന്തുണ ലഭിച്ചതിനാലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതിനെ ചിലർ വിമർശിച്ചപ്പോൾ മറ്റു ചിലർ ഘടകകക്ഷിക്ക് വിട്ടുനൽകിയ സീറ്റ് തിരിച്ചെടുത്ത് സ്ഥാനാർഥിയെ മാറ്റിയതിനെയാണ് വിമർശിച്ചത്. പരസ്യ പ്രകടനം ഉണ്ടായതോടെ സീറ്റ് തിരിച്ചെടുത്തത് തെറ്റായ കീഴ് വഴക്കമാണ് ഉണ്ടാക്കിയതെന്നായിരുന്നു ഇവരുടെ പക്ഷം. ഇത് നേതൃത്വത്തിന്റെ കീഴടങ്ങലായും ചൂണ്ടിക്കാണിക്കപ്പെട്ടു. വടകരയിലെ തോൽവിയും കടുത്ത വിമർശനത്തിനിടയാക്കി.
ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുമ്പോൾ ആർ.എം.പി സ്ഥാനാർഥി ജയിച്ചത് പാർട്ടി പാളയത്തിലെ വോട്ട് ചോർന്നുകിട്ടിയതിനാലാണ്. എൽ.ജെ.ഡിയുമായി ചേർന്നുപോകുന്നതിൽ വടകരയിലെ പാർട്ടി അംഗങ്ങളിൽ വലിയ വിയോജിപ്പുണ്ടായിരുന്നു. പഴയ യു.ഡി.എഫ് സ്ഥാനാർഥി തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായി വന്നതും വോട്ട് കുറയാനിടയാക്കിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കൊടുവള്ളിയിൽ വേണ്ടത്ര ശ്രദ്ധയുണ്ടാവാത്തതും പാർട്ടി പണക്കാർക്ക് പിന്നാലെയെന്ന പ്രചാരണത്തെ പ്രതിരോധിക്കാനാവാത്തതും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.