കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിലെ വെള്ളക്കെട്ടിൽ ജനം പൊറുതിമുട്ടുന്നത് പതിവായതോടെ അടിയന്തര പരിഹാര നടപടിയുമായി കോർപറേഷൻ. ഓടയിലെ ചളിയും മണ്ണും പൂർണമായി നീക്കം ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ പ്രവൃത്തിക്ക് കോർപറേഷൻ അനുമതി നൽകി.
ചളിയും മണ്ണും നീക്കം ചെയ്താൽ വെള്ളം സുഗമമായി ഒഴുകിപ്പോവുകയും ഇതുവഴി വെള്ളക്കെട്ടിന് പരിഹാരമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. കാലതാമസം ഒഴിവാക്കുന്നതിനായി തനത് ഫണ്ടിൽനിന്ന് തുക വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്.
ഓവുചാലിലെ മണ്ണും ചളിയും നീക്കം ചെയ്യണമെന്ന് വാർഡ് കൗൺസിലർ കെ. റംലത്ത് നേരത്തേതന്നെ കോർപറേഷനെ അറിയിച്ചിരുന്നു. എന്നാൽ, ഇതിൽ പരിഹാരം വൈകി. ഈ ഭാഗത്ത് മഴക്കാലപൂർവ ശുചീകരണം പൂർണതോതിൽ നടപ്പാക്കിയിരുന്നില്ല. ഇത് വെള്ളക്കെട്ട് രൂക്ഷമാവാനിടയാക്കിയിരുന്നു. ഒ.പി ബ്ലോക്കിനു മുന്നിലൂടെയടക്കം കോർപറേഷന്റെ മൂന്ന് ഓടകൾ ബീച്ച് ആശുപത്രി വളപ്പിലൂടെ കടന്നുപോവുന്നുണ്ട്. ഇതിൽ ഒ.പി ബ്ലോക്കിനു മുന്നിലൂടെയുള്ള ഓട കഴിഞ്ഞ ദിവസം പി.ഡബ്ല്യു.ഡി വൃത്തിയാക്കിയിരുന്നു.
മേയർഭവൻ റോഡിൽനിന്നും മൊയ്തു മൗലവി സ്മാരകം ഭാഗത്തുനിന്നും വരുന്ന ഓടകൾ ഇനിയും മണ്ണ് നീക്കി വൃത്തിയാക്കാനുണ്ട്. ഇതുകൂടി പൂർത്തിയാക്കിയാലേ ഓടയിനിന്ന് ആശുപത്രി വളപ്പിൽ വെള്ളം പൊങ്ങുന്നതിന് പരിഹാരമാവൂ.
പ്രശ്നത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇടപെട്ടു. വിഷയത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കമീഷൻ നോട്ടീസയച്ചിട്ടുണ്ട്. അതേസമയം, വെള്ളക്കെട്ട് പ്രശ്നം രൂക്ഷമായതോടെ ഒ.പി ടിക്കറ്റ് കൗണ്ടർ പഴയ ബ്ലോക്കിലേക്ക് മാറ്റിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.