കരിപ്പൂർ വിമാനപകടം: സങ്കടങ്ങൾ പെയ്തിറങ്ങിയ എം.ഡി.എഫ് വെബിനാർ

കോഴിക്കോട്: കരിപ്പൂർ വിമാനപകടത്തിന് ഒരു മാസം തികയുന്ന സെപ്റ്റംബർ ഏഴിന് അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും പരിക്കേറ്റവരെയും പങ്കെടുപ്പിച്ച് മലബാർ ഡെവലപ്മെൻറ് ഫോറം (എം.ഡി.എഫ്) സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ വികാരതീവ്ര നിമിഷങ്ങൾ പെയ്തിറങ്ങി. കോവിഡ് കാല ദുരന്തങ്ങളിൽ നിന്ന് രക്ഷനേടി വന്ദേ ഭാരത് മിഷൻ വിമാനത്തിൽ പ്രതീക്ഷകൾ ചിറകിലേറ്റി നാട്ടിലേക്ക് പറന്നവർക്ക് സംഭവിച്ച ദുരന്തങ്ങളും വിഷമങ്ങളും വിവരിച്ചപ്പോൾ മനസ്സലിയിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കാണ് വെബിനാർ സാക്ഷ്യംവഹിച്ചത്.

മോട്ടിവേറ്ററും റൈസ് ഇൻറർനാഷനൽ ചെയർമാനുമായ എം.സി റജിലൻ വെബിനാർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ ഓരോ ദുരന്തങ്ങളും വരുംകാല ജീവിത അനുഭവങ്ങൾ തീർക്കുന്നതിന് കാരണമാവാനും വീഴ്ചയിൽനിന്ന് കരകയറി കരുത്ത് പകരാനും മനുഷ്യർക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

1988 ലെ പെരുമൺ തീവണ്ടി ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ യാത്രക്കാർക്ക് കൗൺസിലിങ് അടക്കം സാന്ത്വനത്തിന് നേതൃത്വം നൽകിയ കൗൺസിലിങ് വിദഗ്ദനായ കെ.സി രാജിവിലൻ സംസാരിച്ചു. എം.ഡി.എഫുമായി സഹകരിച്ച് മനസിക സമ്മർദ്ദം അനുഭവിക്കുന്ന അപകടത്തിൽപ്പെട്ട യാത്രക്കാർക്ക് നേരിട്ടും ഓൺലൈനിലും കൗൺസിലിങ്ങ് നൽകാൻ തയാറാണന്ന് അദ്ദേഹം അറിയിച്ചു

എം.ഡി.എഫ് പ്രസിഡൻറ് എസ്.എ അബൂബക്കർ അധ്യക്ഷത വഹിച്ച വെബിനാറിൽ അഡ്വൈസറി ബോർഡ് ചെയർമാൻ യു.എ നസീർ മുഖ്യപ്രഭാഷണം നടത്തി.

അപകടത്തിൽ മരിച്ച ബാലുശ്ശേരി രാജീവിൻെറ ഭാര്യ സംസാരം തുടങ്ങിയത് മുതൽ ഭർത്താവിൻെറ ഓർമ്മകളിൽ കരഞ്ഞു. സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അവർ വിതുമ്പിയപ്പോൾ അശ്വാസവാക്കുകൾ പറയാൻ പോലുമാവാതെ വെബിനാറിൽ പങ്കെടുത്തവർ വിഷമിച്ചു.

അപകത്തിൻെറ ഞെട്ടലുകൾ ഓർത്തെടുത്ത് സംസാരിച്ച ആഷിഖ് രണ്ട് കൈകൾക്കും പൊട്ടലുണ്ടാ‍യി ആശുപത്രിയിൽ മലമൂത്ര വിസർജനം നടത്തേണ്ടി വന്നപ്പോൾ വൃത്തിയാക്കാൻ വരെ തയാറായി വന്ന കൊണ്ടോട്ടിക്കാരായ സഹോദരൻമാരെക്കുറിച്ച് പറഞ്ഞു. എല്ലാം മറന്ന് അൽഭുതകരമായ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ മഹത്വം എടുത്തുപറഞ്ഞ് ലോകം ചർച്ച ചെയ്ത നാടിൻെറ മഹിമക്ക് മുമ്പിൽ വെബിനാർ പ്രണാമമർപ്പിച്ചു.

മംഗലാപുരം വിമാനാപകട ആക്‌ഷൻ ഫോറം ജന. കൺവീനറായിരുന്ന റഫീഖ് എരോത്ത് ഭാവിയിൽ ചെയ്യേണ്ട തുടർപ്രവർത്തനങ്ങൾക്ക് അനുഭവങ്ങളുടെ വെളിച്ചത്തിൽ നിർദേശം നൽകി.

എം.ഡി.എഫ് ഹെൽപ് ഡെസ്ക് കോ-ഓർഡിനേറ്റർ ഒ.കെ മൻസൂർ ബേപ്പൂർ സ്വാഗതം പറഞ്ഞു. എം.ഡി.എഫ് ട്രഷറർ വി.പി സന്തോഷ്, രക്ഷാധികാരി ഗുലാം മുഹമ്മദ് ഹുസൈൻ, യു.എ.ഇ ചാപ്റ്റർ മുഖ്യ രക്ഷാധികാരി സഹദ് പുറക്കാട്, യു.എ.ഇ ചാപ്റ്റർ വർക്കിങ് പ്രസിഡൻറ് ഹാരിസ് കോസ്മോസ്, മുൻ ജന. സെക്രട്ടറി അമ്മാർ കിഴ്പറമ്പ്, സെക്രട്ടറി മുഹമ്മദ് അൻസാരി, ഭാരവാഹികളായ കരിം വളാഞ്ചേരി മുസ്തഫ മുട്ടുങ്ങൽ, പി.എ ആസാദ് സുജിത്ത് വടകര, മുഹമ്മദ് കുറ്റ്യാടി ഹാഷിം പുന്നക്കൽ എന്നിവരും; യാത്രക്കാരുടെ പ്രതിനിധികളായ ആഷിക്, ഡോക്ടർ സജ്ജാദ്, സഫ്‌വാൻ, മുഹമ്മദ് ശരീഫ്, സുൾഫിക്കർ, ശാമിൽ, അജ്മൽ റോഷൻ, അൻസാദ്, മുർതസ ഫസൽ, മുഹമ്മദ് അലി എന്നിവരും സംസാരിച്ചു.

തുടർന്ന് മുഴുവൻ യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും പങ്കെടുത്ത പൊതുചർച്ച നടന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള നൗഫൽ, സഹോദരൻ റഹീം എന്നിവരും എം.ഡി.എഫ് വെബ് മീറ്റിൽ ആശുപത്രിയിൽ നിന്ന് പങ്കെടുത്തു. ആഗസ്റ്റ് ഏഴ് രാത്രി മുതൽ ആശുപത്രിയിലും, ബാഗേജ് എത്തിക്കാനും പാസ്പ്പോർട്ട് അടക്കം രേഖകൾ കണ്ടെത്താനും ,ചികിത്സ അനുകുല്യങ്ങൾ എത്തിക്കാനും എം.ഡി.എഫ് ഹെൽപ് ഡെസ്ക് നടത്തിവരുന്ന തുല്യതയില്ലാത്ത പ്രവർത്തനങ്ങളെ യാത്രക്കാരും ആശ്രിതരും പ്രകീർത്തിച്ചു.

നാല് മണിക്കൂർ നീണ്ട സ്വാന്തനം വെബിനാറിൽ എം.ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി മോഡറേറ്ററായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.