കോഴിക്കോട്: മലാപ്പറമ്പിൽ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിനു സമീപത്തെ കിണർ ഇടിഞ്ഞു. അപകട ഭീഷണിയെ തുടർന്ന് ക്വാർട്ടേഴ്സിലുള്ളവരെ രാത്രി തന്നെ മറ്റ് ക്വാർട്ടേഴ്സുകളിലേക്ക് മാറ്റി.
ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിനു 10 മീറ്റർ അകലെയായാണ് കിണർ ഉള്ളത്. ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന കിണറാണ് ഞായറാഴ്ച പുലർച്ച ഒരുമണിയോടുകൂടി ഇടിഞ്ഞു താഴ്ന്നത്.
രാത്രി വലിയ ശബ്ദം കേട്ട് അന്വേഷിച്ചപ്പോഴാണ് കിണർ ഇടിഞ്ഞതാണെന്ന് വ്യക്തമായതെന്ന് ക്വാർട്ടേഴ്സിൽ താമസിച്ചവർ വ്യക്തമാക്കി. കിണറും സമീപത്തെ മരങ്ങളും ഒരുമിച്ചാണ് ഇടിഞ്ഞത്.
ക്വാർട്ടേഴ്സിനു സമീപം തന്നെയായതിനാൽ കെട്ടിടത്തിന് എന്തെങ്കിലും അപകടം പറ്റുമോ എന്ന ഭയം മൂലമാണ് താമസക്കാരെ മാറ്റിയതെന്ന് കൗൺസിലർ ഇ. പ്രശാന്ത് പറഞ്ഞു.
ആറു കുടുംബങ്ങൾക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സാണ് ഉണ്ടായിരുന്നത്. നാലു കുടുംബങ്ങൾ താമസമുണ്ടായിരുന്നു. രണ്ട് ക്വാർട്ടേഴ്സുകൾ അടഞ്ഞു കിടക്കുകയാണ്. ഒരു കുടുംബക്കാർ സ്വയം ബന്ധുവീട്ടിലേക്ക് മാറി. മറ്റ് മൂന്നു കുടുംബക്കാരെ ഒറ്റക്ക് താമസിക്കുന്നവരുടെ ക്വാർട്ടേഴ്സിലേക്ക് മാറ്റി.
3.30 ഓടെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കൽ പൂർത്തിയായി. ബി.എസ്.എൻ.എൽ അധികൃതർ, റവന്യൂ, നഗരസഭാ അധികൃതർ എന്നിവരെയും വിവരമറിയിച്ചതായി കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.